പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് നിയമസഭ; പ്രമേയം പാസാക്കി
text_fieldsതിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വ ഭേദഗതിനിയമം റദ്ദാക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബി.െജ.പി മാത്രമാണ് എതിർത്തത്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിയമത്തിനെതിരെ അതിശക്തമായ നിലപാട് എടുത്തപ്പോൾ ബി.ജെ.പിയുടെ ഒ. രാജഗോപാൽ പ്രസംഗത്തിൽ പ്രമേയത്തെ എതിർെത്തങ്കിലും അത് പാസാക്കുന്നവേളയില്‍ പ്രതികൂലിക്കുന്നവര്‍ എന്ന ചോദ്യത്തിന് കൈ ഉയര്‍ത്തിയില്ല. പ്രസംഗിച്ച 19ൽ 18പേരും കേന്ദ്രനിയമത്തെ എതിർത്തു.
രാജ്യത്ത് ഒന്നടങ്കം പ്രതിഷേധക്കൊടുങ്കാറ്റുയർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭ കേരളത്തിലേതായി മാറി. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത്രയും സജീവമായ ചര്‍ച്ചക്ക് ശേഷം പാര്‍ലമെൻറ് പാസാക്കിയ ഒരു നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതും ആദ്യമായാണ്. മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതിൽ മതരാഷ്ട്ര സമീപനമാണ് ഉൾച്ചേർന്നിരിക്കുന്നതെന്ന് സഭ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ഇത് ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധവും അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നതുമല്ല. ഭരണഘടനയുടെ പാർട്ട് മൂന്നിലെ മൗലികാവകാശമായ സമത്വതത്ത്വത്തിെൻറ ലംഘനമാണെന്നും പ്രമേയം വ്യക്തമാക്കി.
പൗരത്വത്തില്‍നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്ന തടവറകൾ കേരളത്തിലുണ്ടാകില്ലെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ആവർത്തിച്ചു. സാധാരണപോലെ നടത്തുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയിെല ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കലും അതിനുതകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററും തയാറാക്കുന്നത് നിര്‍ത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നതെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി അംഗം ഒ. രാജഗോപാൽ ഒഴികെ പ്രമേയചർച്ചയിൽ പെങ്കടുത്ത മുഴുവൻ അംഗങ്ങളും കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. നിയമം റദ്ദാക്കുന്നതില്‍ തീരുമാനമാകുന്നതുവരെ തുടര്‍നടപടികള്‍ നിര്ത്തിെവക്കണമെന്നാവശ്യപ്പെട്ടുള്ള കെ.സി. ജോസഫിെൻറ ഭേദഗതി തള്ളി. ഇത് പ്രമേയത്തിെൻറ ശക്തികുറക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാറിന് ഒരു ഓര്‍ഡിനന്‍സിലൂടെ ഈ നിയമം റദ്ദാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർക്കെതിരെയും വിമർശനം
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെയും വിമര്‍ശനം. ഗവര്‍ണര്‍ ഔന്നത്യം മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്നുവരെയുള്ള രാഷ്ട്രീയത്തെ മറന്ന് ജനങ്ങളെ മാനിക്കണം. ഭരണഘടനയെ മാനിക്കണമെന്ന് പറയുമ്പോള്‍ ജനവികാരമാണ് മാനിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പിയിലെ അബ്ദുല്ലക്കുട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണക്കാന്‍ ശ്രമിക്കുകയാണ്. ചരിത്രകാരന്മാരെപ്പോലും ഭയപ്പെടുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ രാഷ്ട്രീയം പറയുകയാെണന്നും ഇത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും അനൂപ് ജേക്കബും പറഞ്ഞു.
പൗരത്വവിഷയത്തിലെ പ്രക്ഷോഭങ്ങളോട് സംസ്ഥാന പൊലീസ് സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. ഇത്തരത്തിലൊരു പ്രക്ഷോഭം കേരളത്തില്‍ നടക്കുമ്പോള്‍ നമ്മുടെ പൊലീസിെൻറ കൂറ് നാഗ്പൂരിലല്ലെന്ന് ഉറപ്പാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
നിയമസഭയുടെ അന്തസ്സ് ഉയർന്നു -സ്പീക്കർ
തിരുവനന്തപുരം: ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതുവഴി കേരള നിയമസഭയുടെ അന്തസ്സ് ഉയർന്നെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശാവതാരത്തിൽ നാടും നഗരവും അടക്കിവാണ ഹിരണ്യകശിപുവിെൻറ ധിക്കാരമായിരുന്നില്ല, പ്രഹ്ലാദെൻറ വിനയപൂർവമായ നിശ്ചയദാർഢ്യമായിരുന്നു നരസിംഹത്തിന് പുറത്തുവരാൻ വഴിയൊരുക്കിയതെന്നും കേരളം പ്രഹ്ലാദെൻറ റോളിൽ രാജ്യത്തിനു മുന്നിൽ ശക്തമായ നിലപാട് അവതരിപ്പിച്ചെന്നും സ്പീക്കർ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും ഓജസ്സും ഉയര്‍ത്തിപ്പിടിക്കുന്ന മൂന്ന് സുപ്രധാന പ്രമേയങ്ങളാണ് സഭ പാസാക്കിയത്. ഇന്ത്യയിലെ ഇതര ജനപ്രതിനിധി സഭകള്‍ക്ക് മാതൃകയാകുന്ന നടപടിയാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.