സി.എ.എ: ത്യാഗം സഹിച്ചും പോരാട്ടം തുടരും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.എ.എ എല്ലാ അർഥത്തിലും ഇന്ത്യയെന്ന ആശയത്തിന് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധവും ജനവിരുദ്ധ വർഗീയ അജണ്ടയുടെ ഭാഗവുമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആ നിലപാട് എല്ലാതലത്തിലും ഉറപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഒറിജിനൽ സ്യൂട്ട് സുപ്രീംകോടതിയിൽ നിലവിലുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധിറുതിപിടിച്ച് നിയമം നടപ്പാക്കുന്ന കേന്ദ്ര നീക്കത്തിന്റെ പശ്ചാത്തലത്തിൽ നിയമപരമായ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്തു ത്യാഗം സഹിച്ചും പോരാട്ടം തുടരും.
മുട്ടുമടക്കുകയുമില്ല, നിശ്ശബ്ദരാകുകയുമില്ല. കേന്ദ്ര സർക്കാർ 2019ൽ ബിൽ പാർലമെൻറിൽ പാസാക്കിയപ്പോൾതന്നെ അതിനെതിരെ പ്രതിഷേധവുമായി കേരളം ഒന്നിച്ചണിനിരന്നു. എല്ലാവരെയും ഒരുമിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് സർക്കാർ അന്ന് മുൻകൈയെടുത്തത്. പ്രതിപക്ഷത്തെകൂടി വിശ്വാസത്തിലെടുത്ത് യോജിച്ച പ്രക്ഷോഭത്തിനാണ് തയാറായത്. സർക്കാർ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയും തുടർന്നുനടന്ന സർവകക്ഷി യോഗവും ഈ വിഷയത്തിൽ ഐക്യം രൂപപ്പെടുത്തി. നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തെപോലും അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് പരിഹസിച്ചു. പ്രമേയം പാസാക്കിയതിൽ മുഖ്യമന്ത്രി മേനിനടിക്കണ്ടെന്നും അതുകൊണ്ട് കേന്ദ്ര നിയമം ഇല്ലാതാകില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന നിലപാടാണ് പിന്നീട് കോൺഗ്രസ് സ്വീകരിച്ചത്. വർഗീയ വിഭജന നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് ഉറച്ചപിന്തുണ നൽകിയ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു കോൺഗ്രസിന്റെ ഈ തീരുമാനം. ഇടതുപക്ഷവുമായി യോജിച്ച് പൗരത്വ വിഷയത്തിൽ പ്രക്ഷോഭത്തിനിറങ്ങിയവർക്കുനേരെ കോൺഗ്രസ് പാർട്ടിതല നടപടി എടുക്കുന്ന നിലവരെയുണ്ടായി. വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന രാഷ്ട്രീയവും സമീപനവും ഇടതുപക്ഷത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.