സി.എ.എ തള്ളിപ്പറയും; കേസുകൾ പിൻവലിക്കാതെ സർക്കാർ
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ആവർത്തിക്കുമ്പോഴും പൗരത്വ പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സംസ്ഥാന സർക്കാർ.
ആകെയുള്ള 835 കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് 69 കേസുകള്‍ മാത്രമാണ്. കേസുകളില്‍ 732 എണ്ണം ഗുരുതര സ്വഭാവമില്ലാത്തതെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു. അങ്ങനെയുള്ള കേസുകളെല്ലാം പിന്‍വലിക്കുമെന്ന് 2020ൽ മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നാലാം വർഷത്തോട് അടുക്കുമ്പോഴും കേസുകള്‍ പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല. ഇതുവരെ പിന്‍വലിച്ചത് 69 കേസുകള്‍ മാത്രം. ആകെയുള്ള 835 ല്‍ 732 ഉം ഗുരുതരമല്ലാത്ത കേസുകള്‍ എന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇതില്‍ സിംഹഭാഗവും പിന്‍വലിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ തമിഴ്നാട്ടിലെടുത്ത എല്ലാ കേസുകളും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
പൗരത്വ ഭേദഗതി സമര കാലത്ത് കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ കേസുകളെടുത്തത്. 159 കേസുകള്‍ കോഴിക്കോടും 83 കേസുകൾ പാലക്കാടും രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരേ സമയം സി.എ.എയെ തള്ളിപ്പറയുകയും എന്നാല്‍, വംശീയാടിസ്ഥാനത്തിലുള്ള നിയമത്തിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം ഇരട്ടത്താപ്പാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളോട് തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.