ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാൻ അനുവദിക്കില്ല -കാന്തപുരം
text_fieldsമലപ്പുറം: പൗരത്വ ബില്ലിലൂടെ രാജ്യത്തെ മുസ്ലിംകളുടെ വേരില്ലാതാക്കലാണ് ഉദ്ദേശ്യവും ലക്ഷ്യവുമെന്ന് ജനങ്ങൾ ഭയപ്പെടുന്നതായി അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യയെന്ന മഹത്തായ ആശയത്തെ ശിഥിലമാക്കാൻ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘പൗരത്വം ഔദാര്യമല്ല’ തലക്കെട്ടിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബില്ലിനെ സമസ്ത കേരള ജംഇയ്യതുൽ ഉലമ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തിന് ഈ ബിൽ എതിരാണ്. ഇന്ത്യ മതരാഷ്ട്രമല്ല. അതിനാൽ മതത്തിെൻറ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടത്. ജനാധിപത്യത്തിൽനിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ നാം അനുവദിക്കരുത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചുനിന്നുള്ള ബഹുസ്വര പ്രക്ഷോഭ മുന്നേറ്റമാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.
അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. സംസ്ഥാന പ്രസിഡൻറ് സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. െസബാസ്റ്റ്യൻ പോൾ, മാളിയേക്കൽ സുലൈമാൻ സഖാഫി, ഇ.എൻ. മോഹൻദാസ്, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സി.കെ. റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല, മുഹമ്മദ് പറവൂർ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബൂബക്കർ മാസ്റ്റർ പടിക്കൽ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം.എം. ഇബ്രാഹിം, ആർ.പി. ഹുസൈൻ മാസ്റ്റർ, മജീദ് കക്കാട്, എസ്. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.