അബ്കാരി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്ത് തന്നെ നിർമിക്കാൻ സംവിധാനം ഒരുക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന അബ്കാരി നയം 2023-24ന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ബാർ ലൈസൻസ് ഫീസ് 30 ലക്ഷം രൂപയിൽ നിന്ന് 35 ലക്ഷമായി വർധിപ്പിക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലഹരിക്ക് അടിമപ്പെടുന്നവർക്ക് ചികിത്സ നൽകുന്ന ഡി അഡിക്ഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതമാക്കും. വിവിധ വകുപ്പുകളെ കൂടാതെ പൊതുരംഗത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്തി വിമുക്തി ബോധവത്കരണ പ്രവർത്തനം വ്യാപിപ്പിക്കും. മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് വിപുലമായ പഠനം നടത്തും.
കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളത്തിൽ എല്ലാ പ്രദേശത്തും സ്ഥലങ്ങൾ കണ്ടെത്തി കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയർ വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും.
സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് തുറന്നുപ്രവർത്തിക്കുന്നത്. അവശേഷിക്കുന്നവ തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.