ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം: ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ ഏഴുവർഷം വരെ ശിക്ഷ
text_fieldsതിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ കടുത്ത നടപടി സ്വീകരിക്കും. ഡോക്ടർമാർക്കെതിരായ അധിക്ഷേപങ്ങളും ശിക്ഷാർഹമാണെന്നും ഓർഡിനൻസ് വ്യക്തമാക്കുന്നു.
കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയ ശിക്ഷ ഏഴുവർഷം വരെ തടവുമാണ്. സ്ഥാപനത്തിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് വിപണി വിലയുടെ ആറിരട്ടിവരെ നഷ്ടപരിഹാരം ഈടാക്കും.
അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയുമാണ് ലഭിക്കുക. ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ ഏഴ് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാതെ അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മെഡിക്കൽ പ്രാക്ടീഷണർമാർ, നഴ്‌സുമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. പുതുക്കിയ ഓർഡിനൻസിൽ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാരും വിദ്യാർഥികളും, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.
ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഓഫീസർ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണാനടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. വേഗത്തിലുള്ള വിചാരണക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യൽ കോടതിയായി നിയോഗിക്കും.
ഓർഡിനൻസ് ഡോക്ടർമാരുടെ കാലങ്ങളായുളള ആവശ്യമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽചികിത്സക്കെത്തിയ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയതോടെയാണ് ഓർഡിനൻസ് ഉടനടി പ്രവാവർത്തികയാക്കണമെന്ന് ഡോക്ടർമാർ ശക്തമായി ആവശ്യപ്പെട്ടത്. തുടർന്ന് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.