മെഡിസെപ് ഇൻഷുറൻസ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം: ജനുവരിയിൽ തുടക്കം
text_fieldsമെഡിസെപ്
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. ഇവർക്കു പുറമെ ഇവരുടെ ആശ്രിതർ, പങ്കാളി, 25 വയസ്സ്/ വിവാഹം കഴിയുന്നതുവരെ/ജോലി ലഭിക്കുന്നതുവരെയോ ഉള്ള കുട്ടികൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന ഏതു പ്രായക്കാരുമായ മക്കൾ എന്നിവർക്കാണ് പരിരക്ഷ.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ 'മെഡിസെപി'ന് മന്ത്രിസഭയോഗം അംഗീകാരം നല്കി. അടുത്ത ജനുവരി ഒന്ന് മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും. പദ്ധതിയില്‍ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ സര്‍വിസ് ഉദ്യോഗസ്ഥര്‍ ഒഴികെ) പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്.
നിലവിലുള്ള രോഗങ്ങള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സകള്‍ക്ക് പണരഹിത ചികിത്സ നല്‍കും. മുൻ എം.എല്‍.എമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്കി. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം 500 രൂപയായിരിക്കും.
ഗുണഭോക്താക്കൾ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്കൂളുകളില്‍ ഉള്‍പ്പെടെ അധ്യാപക- അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാറിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വിസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐച്ഛികാടിസ്ഥാനത്തിലും പദ്ധതി ഗുണഭോക്താക്കളായിരിക്കും.
സംസ്ഥാന സര്‍ക്കാറിെൻറ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാര്‍/പെന്‍ഷന്‍കാര്‍ / കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി / മറ്റു മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്മാന്മാര് എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സനല്‍ സ്റ്റാഫ്, പേഴ്സനല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
പരിരക്ഷ എംപാനല്‍ ആശുപത്രികളില്‍ മാത്രം
എംപാനല്‍ ചെയ്യപ്പെട്ട പൊതു, സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. എന്നാല്‍ ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സക്കും പരിരക്ഷ ലഭിക്കും.
ഒ.പി വിഭാഗ ചികിത്സകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ കേരള ഗവണ്‍മെൻറ് സെര്‍വൻറ് മെഡിക്കല്‍ അറ്റന്‍ഡൻറ് ചട്ടങ്ങള്‍ക്ക് വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും തിരുവനന്തപുരം ആര്.സി.സി, ശ്രീചിത്ര, മലബാര്‍ കാന്‍സര്‍ സെൻറര്‍, കൊച്ചിന് കാന്‍സര്‍ സെൻറര്‍ ഉള്‍പ്പെടെ എല്ലാ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലെയും ഒ.പി ചികിത്സക്ക് നിലവിലുള്ള മെഡിക്കല്‍ റീ-ഇംബേഴ്സ്മെൻറ് സമ്പ്രദായം തുടരും.
മൂന്ന് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ
ഓരോ കുടുംബത്തിനും മൂന്ന് വര്‍ഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ ലഭിക്കുക. ഓരോ വര്‍ഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ അതതുവര്‍ഷം നഷ്ടമാകും. ഫ്ലോട്ടര്‍ തുകയായ 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ പോളിസിയുടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയൻറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ത്രിതല സംവിധാനത്തിന് രൂപം നല്‍കും. പദ്ധതി നടത്തിപ്പ് ധനവകുപ്പിന് കീഴില്‍ സംസ്ഥാന നോഡല്‍ സെല്ലില്‍ നിക്ഷിപ്തമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.