ആര്‍ദ്രം പദ്ധതി: ആയിരം പുതിയ തസ്തികകള്‍ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം
text_fieldsതിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആയിരം പുതിയ തസ്തികകള്‍ അനുവദിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കുന്നതിന് 400 അസിസ്റ്റന്‍റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, 200 ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 എന്നീ തസ്തികകള്‍ സൃഷ്ടിക്കും.
നിയമനങ്ങള്‍, മാറ്റങ്ങള്‍
ഡി.എഫ്.എഫ്.ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന സഞ്ജയ് എം. കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.
അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന വി.ആര്‍. പ്രേംകുമാറിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി നിയമിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും സി.പി.എം.യു. ഡയറക്ടറുടെയും ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സലായി സേവനമനുഷ്ഠിക്കുന്ന ജി. പ്രകാശിന്‍റെ കാലാവധി 01-07-2019 മുതല്‍ മൂന്നു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരൂമാനിച്ചു.
2007-ലെ കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമീഷന്‍ നിയമത്തിലെ 5ാം വകുപ്പിലെ 3ാം ഉപവകുപ്പില്‍ ഭേദഗതി കൊണ്ടു വരുന്നതിനുള്ള നിര്‍ദ്ദിഷ്ട കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കര്‍ഷക കടാശ്വാസ കമീഷന്‍ മുഖാന്തിരം 50,000 രൂപക്ക് മുകളിലുള്ള കുടിശ്ശികക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നതിനാണ് ഭേദഗതി ബില്‍.
ടൂറിസ്റ്റ് വിസയില്‍ ചൈനയിലെത്തി അവിടെ വച്ച് മരണപ്പെട്ട ആലപ്പുഴ ആലിശ്ശേരി വഹീദാ കോട്ടേജില്‍ മിര്‍സ അഷ്റഫിന്‍റെ ഭൗതിക ശരീരം തിരികെ നാട്ടിലെത്തിക്കുന്നതിന് ചൈനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചെലവായ 8,28,285 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പിലെ എസ്.എല്‍.ആര്‍ ജീവനക്കാര്‍ക്ക് അവധി ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കാന്‍ തീരുമാനിച്ചു. വര്‍ഷത്തില്‍ 15 ദിവസം ആകസ്മിക അവധിയും 20 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസം എന്ന നിരക്കില്‍ ആര്‍ജ്ജിത അവധിയും നിലവിലുള്ള ജീവനക്കാര്‍ക്കുള്ളതു പോലെ സറണ്ടര്‍ ആനുകൂല്യവും അനുവദിക്കാന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.