'നവകേരള ബസ്’ യാത്രക്കാരോട് കേരളത്തിന് പറയാനുള്ളത്..
text_fieldsകാസർകോട് : എയിംസിന് ജില്ലയെ പരിഗണിക്കണം
• കാസർകോട് മെഡിക്കൽ കോളജ് പണി പൂർത്തിയായില്ല. കേന്ദ്ര മാനദണ്ഡം അക്കാദമിക ഭാവി അനിശ്ചിതത്വത്തിലാക്കുന്നു
• എയിംസിന് കാസർകോട് ജില്ലയെ പരിഗണിക്കണം
• കണ്ണൂരിൽ നിർത്തുന്ന തീവണ്ടികൾ മംഗളൂരുവിലേക്ക് നീട്ടാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം
• ആസ്ട്രൽ വാച്ചസ് തുറന്നുപ്രവർത്തിപ്പിക്കണം
• കന്നട മേഖലയിൽ കൂടുതൽ പ്ലസ് ടു സയൻസ് ബാച്ചുകളും ബിരുദ കോഴ്സുകളും വേണം
• മഞ്ചേശ്വരം, ഹജാനൂർ ഹാർബറുകൾ യാഥാർഥ്യമാക്കണം
• എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ ഉറപ്പുവരുത്തണം, പ്രശ്നങ്ങൾ പരിഹരിക്കണം
• പെരിയ എയർസ്ട്രിപ് യാഥാർഥ്യമാക്കണം
:• ചീമേനി ഐ.ടി പാർക്ക് വേണം
കണ്ണൂർ : വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി: സമ്മർദം വേണം
• കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവിക്കായി കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കണം.
സംസ്ഥാന സർക്കാർ ഫണ്ടനുവദിക്കാത്തതിനാൽ പാതിവഴിയിൽ മുടങ്ങിയ റൺവേ വികസനം പുനരാരംഭിക്കാൻ നടപടി വേണം
• ഖാദി മേഖലയിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച തുക മുഴുവൻ ലഭ്യമായില്ല
• തലശ്ശേരിയിൽ ഭൂമി ഏറ്റെടുത്തിട്ടും ‘അമ്മയും കുഞ്ഞും ആശുപത്രി’ യാഥാർഥ്യമായില്ല
• കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ എസ്റ്റേറ്റിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കണം
• പൂളക്കുറ്റി ഉരുൾപൊട്ടൽ പാക്കേജ് അനിശ്ചിതമായി നീളുന്നു
• സർക്കാർ ഏറ്റെടുത്തെങ്കിലും പരിയാരം മെഡിക്കൽ കോളജിൽ ആധുനിക യന്ത്രസാമഗ്രികളില്ല
• മലയോര മേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം നീളുന്നു.
വയനാട് : മെഡിക്കൽ കോളജ് പൂർണതോതിൽ സജ്ജമാക്കണം
• വയനാട് മെഡിക്കൽ കോളജ് പൂർണതോതിൽ സജ്ജമാക്കണം
• കർണാടകയിലേക്കുള്ള രാത്രിയാത്ര നിരോധനം ബാവലി വഴി വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയുള്ളത് രാത്രി ഒമ്പതാക്കാൻ വഴി കാണണം.
• ആദിവാസികളുടെ കുടക് മരണം ആവർത്തിക്കാതിരിക്കാൻ നടപടി വേണം
• ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പുനരുജ്ജീവിപ്പിക്കണം
• ചുരം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വഴികാണണം. ബദൽ പാതകൾ യാഥാർഥ്യമാക്കണം
• മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി പാത വരണം
• ആദിവാസി മേഖലയിൽ കരാറുകാർ ബലമില്ലാത്ത വീടുകൾ ഉണ്ടാക്കി ഫണ്ട് തട്ടുന്ന പ്രശ്നം പരിഹരിക്കണം
• ആദിവാസി വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പ്ലസ് ടു കോഴ്സുകൾ അനുവദിക്കണം
• നഞ്ചൻകോട് റെയിൽവേ പാത കൊണ്ടുവരണം
• പണിമുടക്കിയ ബീനാച്ചി-പനമരം, താളൂർ-സുൽത്താൻബത്തേരി റോഡ് പ്രവൃത്തി പൂർത്തിയാക്കണം
• സുൽത്താൻ ബത്തേരി ഗവ. കോളജ് ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല
• മലയോര ഹൈവേ നിർമാണം പുനരാരംഭിക്കണം
• വന്യമൃഗശല്യം തടയാൻ ശാശ്വത പരിഹാരം വേണം
• വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കണം.
കോഴിക്കോട് : അന്താരാഷ്ട്ര നിലവാര നഗരം: മാസ്റ്റർ പ്ലാൻ ഉടൻ വേണം
• കോഴിക്കോട് നഗരം അന്താരാഷ്ട്ര നിലവാരത്തിൽ; മാസ്റ്റർ പ്ലാനിന് തുടർ പ്രവർത്തനം വേണം
• കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി കൈത്തറി മ്യൂസിയമാക്കുന്നതിൽ തുടർപ്രവർത്തനം വേണം
• മിഠായിത്തെരുവ് രണ്ടാംഘട്ടം നവീകരണം, മാനാഞ്ചിറ നവീകരണം, മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്, ദേശീയപാത ബൈപാസ് നവീകരണം
• കനോലി കനാൽ വികസിപ്പിച്ച് കനാൽ സിറ്റി പദ്ധതി വേഗത്തിലാക്കണം
• ബേപ്പൂർ, കാപ്പാട് വിനോദസഞ്ചാര മേഖലയുടെ കൂടുതൽ വികസനം
• മാവൂർ ഗ്വാളിയോർ റയോൺസ് (ഗ്രാസിം) ഭൂമി ഉപയോഗപ്പെടുത്താൻ നടപടി വേണം
• വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി മേപ്പാടി തുരങ്കപാത പദ്ധതി ത്വരിതപ്പെടുത്തണം
• മെഡി. കോളജിൽ നിപ അടക്കമുള്ള പകർച്ചവ്യാധികൾ പരിശോധിക്കുന്നതിന് ബി.എസ്.എൽ ലെവൽ 3 വൈറോളജി ലാബ് സജ്ജമാക്കൽ.
മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളജിൽ സ്പെഷ്യാലിറ്റി വേണം
• മഞ്ചേരി മെഡിക്കൽ കോളജിൽ സ്പെഷ്യാലിറ്റി ചികിത്സകൾ ഏർപ്പെടുത്തണം. താലൂക്ക് ആശുപത്രികളും പ്രൈമറി ഹെൽത്ത് സെന്ററുകളും ശക്തിപ്പെടുത്തണം
• സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം. സർക്കാർ കോളജുകൾ മികവിന്റെ കേന്ദ്രങ്ങളാക്കണം.
• കായികമേഖലയുടെ സമഗ്ര വികസനം (പ്രത്യേകിച്ച് ഫുട്ബാൾ)
• നിലമ്പൂർ-നഞ്ചൻകോട് പാത യാഥാർഥ്യമാക്കണം
• മലയോര മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണം
• പ്രാദേശിക ടൂറിസം വികസന പദ്ധതികൾ വേണം; ബീച്ച് സൗന്ദര്യവത്കരണം
• ദേശീയപാത വികസനത്തിനിടയിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടൽ
• ഗ്രീൻഫീൽഡ് പാതക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണം
• രാമനാട്ടുകര-കരിപ്പൂർ നാലുവരിപ്പാത
• ഐ.ടി പാർക്ക്-വ്യവസായ സംരംഭങ്ങൾ വേണം.
പാലക്കാട് : നെൽകർഷകരുടെ അതിജീവനത്തിന് പാക്കേജ് അനിവാര്യം
• പാലക്കാട് മെഡിക്കൽ കോളജിൽകിടത്തിചികിത്സ ആരംഭിക്കണം
• സംസ്ഥാന-ദേശീയ-അന്തർദേശീയ തലത്തിൽ ഒട്ടേറെ കായിക പ്രതിഭകളുള്ള ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം
• നെൽകർഷകരുടെ അതിജീവനത്തിന് പാക്കേജ്-നെൽവിത്ത് സംരക്ഷണത്തിന് പാക്കേജ്
• ഡാമുകളുടെ സംഭരണശേഷി വർധിപ്പിക്കാൻചളി നീക്കംചെയ്യാനുള്ള പദ്ധതി
• സംസ്ഥാനത്തെ രണ്ടാമത്തെ വ്യാവസായിക മേഖലയായ കഞ്ചിക്കോടിന് പ്രത്യേക പാക്കേജ്
• മലബാർ സിമന്റ്സിന് ഉൽപാദന വർധനക്ക് സഹായകമായ പുനരുജ്ജീവന പാക്കേജ്
• മുതലമടയിലെ മാങ്ങ കർഷകർക്കായി പാക്കേജ്
• പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ വികസനം
• നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം(മേൽപാലം ഉൾപ്പെടെ)
• അട്ടപ്പാടിയിൽ 99ൽ പട്ടയം നൽകിയ ഭൂമിയിലെവ്യാജ ആധാരങ്ങൾ റദ്ദാക്കി ആദിവാസികളുടെപുനരധിവാസം ഉറപ്പാക്കുക.
തൃശൂർ : കുരുക്കഴിച്ച് പൂരത്തെ സ്വതന്ത്രമാക്കണം
• എല്ലാ വർഷവും സങ്കീർണമായ നിയമപ്രശ്നത്തിൽ കുരുങ്ങുന്ന തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് നിയമനിർമാണം വേണം.
• ജില്ലയുടെ കടല്ത്തീരം സംരക്ഷിക്കാൻ പദ്ധതി
• ആയുർവേദ ഹബ്ബായ തൃശൂരിൽ ആയുർവേദ ഗവേഷണകേന്ദ്രം, പദ്ധതികൾ വേണം
• ഭീഷണി നേരിടുന്ന കോൾ കൃഷിമേഖല പുനരുദ്ധാരണത്തിന് പദ്ധതി
• സിറ്റി ബസ് സർവിസ്, നഗരം വികസിക്കുന്ന സാഹചര്യത്തിൽ സെമി മെട്രോ
• യുനെസ്കോയുടെ പഠനനഗരമായ തൃശൂർ കോർപറേഷൻ പരിധിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാഭ്യാസ മേഖലക്ക് പദ്ധതി
• നിരവധി വിനോദസഞ്ചാര-തീർഥാടന കേന്ദ്രങ്ങളുള്ള ജില്ലയിൽ ഇവയെ ബന്ധിപ്പിച്ച് ടൂറിസം, പിൽഗ്രിം സർക്യൂട്ട്
• ജില്ലയിലെ രണ്ടു ദേശീയപാതകളെ ബന്ധിപ്പിച്ച് അതിവേഗ ഇടനാഴി. ഇരുപാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ്
• കാലഹരണപ്പെട്ട ഏനാമാവ് റെഗുലേറ്ററിനു പകരം ആധുനിക റെഗുലേറ്റർ
എറണാകുളം : ബ്രഹ്മപുരത്ത് അത്യാധുനിക മാലിന്യ നിർമാർജന പ്ലാന്റ് വേണം
• എറണാകുളം നഗരത്തിലെയടക്കം മാലിന്യപ്രശ്നം പരിഹരിക്കാൻ ബ്രഹ്മപുരത്ത് അത്യാധുനിക മാലിന്യ നിർമാർജന പ്ലാന്റ് വേണം. കംപ്രസ്ഡ് ബയോഗ്യാസ് ഉൽപാദിപ്പിച്ച് ബി.പി.സി.എല്ലിന് കൈമാറാനുള്ള പദ്ധതി യാഥാർഥ്യമാക്കണം.
• കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, കൊച്ചിൻ കാൻസർ സെന്റർ പദ്ധതികളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു
• എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വികസനത്തിനുള്ള നിർദിഷ്ട പദ്ധതി നടപ്പാക്കാനും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും നടപടി വേണം.
• ആലുവ വ്യവസായ മേഖലയിലെ ചെറുകിട, ഇടത്തരം വ്യവസായശാലകൾ സൃഷ്ടിക്കുന്ന പെരിയാർ മലിനീകരണത്തിന് പരിഹാരം വേണം.
• വൈപ്പിൻ മേഖലയിലെ യാത്രാദുരിതം, വേലിയേറ്റ ഭീഷണി, കുടിവെള്ളപ്രശ്നം എന്നിവക്ക് പരിഹാരം വേണം.
• ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം പി ആൻഡ് ടി കോളനിവാസികൾക്കായി മുണ്ടംവേലിയിൽ ഉദ്ഘാടനംചെയ്ത ഫ്ലാറ്റ് സമുച്ചയത്തിൽ പുനരധിവാസം നടപ്പാക്കണം.
• വനാതിർത്തി പങ്കിടുന്ന മലയാറ്റൂർ, അയ്യമ്പുഴ, മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകളിലെ വന്യജീവി ശല്യത്തിന് പരിഹാരം വേണം.
• ജി.സി.ഡി.എയുടെ കടവന്ത്രയിലെ 88 സെന്റിൽ ബഹുനില കമേഴ്സ്യൽ-കം റെസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കാൻ തയാറാക്കിയ പദ്ധതി നടപ്പാക്കണം.
• ഫോർട്ട്കൊച്ചി മഹാരാജാസ് ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണത്തിനുള്ള പദ്ധതി അടിയന്തരമായി നടപ്പാക്കണം.
• മൂന്നു സംസ്ഥാന പാതകളും കൊച്ചി-ധനുഷ്കോടി ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴയിലെ നഗര റോഡ് വികസനം ഇഴഞ്ഞുനീങ്ങുന്നു.
• തൃപ്പൂണിത്തുറ ബൈപാസ് പദ്ധതി അടിയന്തരമായി നടപ്പാക്കണം.
• മുൻ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പറവൂരിലെ സർക്കാർ കോളജ് യാഥാർഥ്യമാക്കാൻ നടപടി വേണം.
കോട്ടയം : ശബരി റെയിൽ: സ്ഥലമെടുപ്പ് ഊർജിതമാക്കണം
• ശബരി റെയിൽ പദ്ധതി യാഥാർഥ്യമാക്കാനുള്ള സ്ഥലമെടുപ്പ് ഉൾപ്പെടെ നടപടി ഊർജിതമാക്കണം
• ശബരിമല വിമാനത്താവളത്തിന് പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുള്ള വികസനം വേണം. അതിന്, പദ്ധതിക്കായി ആദ്യം കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം റൺവേയുടെ പേരിൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതാകും ഉചിതം
• കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.
• നാട്ടകത്ത് അക്ഷരമ്യൂസിയം സ്ഥാപിക്കുമെന്ന് അവകാശവാദം ഉന്നയിച്ചെങ്കിലും അത് എങ്ങും എത്താത്ത അവസ്ഥയാണുള്ളത്.
• കുറുവിലങ്ങാട് സയൻസ് സിറ്റി പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല.
• വികസന മുരടിപ്പും പഴക്കമുള്ള കെട്ടിടങ്ങളുമാണ് കോട്ടയം മെഡിക്കൽ കോളജിന്റെ ശാപം. ഇതിൽ പരിഹാരം വേണം.
ഇടുക്കി : പട്ടയം കാത്തിരിക്കുന്നവർക്ക് ആശ്വാസ വാക്ക് വേണം
• ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങൾ വേണം.
• പതിനായിരങ്ങളുടെ സ്വപ്നമായ പട്ടയം കാത്തിരിക്കുന്നവർക്ക് അത് എത്തണം. പെരിഞ്ചാംകുട്ടിയിൽനിന്ന് കുടിയിറക്കപ്പെട്ട നൂറോളം കുടുംബങ്ങൾ ഇപ്പോഴും പട്ടയം കിട്ടുമെന്ന പ്രതീക്ഷയിലാണ്.
• പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ ദുരിത ജീവിതത്തിന് അറുതി വേണം. തോട്ടങ്ങൾ തുറക്കുമെന്ന പ്രഖ്യാപനം നടപ്പാവണം.
• മൂന്നാറിലെ ഭൂ പ്രശ്നങ്ങൾ അവസാനിച്ച് കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷ സഫലമാവണം. നിർമാണനിരോധനമടക്കമുള്ള വിഷയങ്ങളിൽ അടിയന്തരമായ നടപടി വേണമെന്നാണ് ആവശ്യം.
• ഇടമലക്കുടിയിലടക്കം ആദിവാസി കേന്ദ്രങ്ങളിൽ ഇപ്പോഴും വഴിയും വെള്ളവും തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.
• ജില്ലയിൽ കർഷകർ കാലാവസ്ഥ വ്യതിയാനം മൂലവും വന്യജീവികളുടെ ശല്യം മൂലവും വിളകൾക്ക് വിലയില്ലാതായത് കാരണവും കർഷകർക്ക് നേരിട്ട ദുരന്തത്തിന് ആശ്വാസമായി നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച പരിഹരിക്കപ്പെടുന്നില്ല.
• കേരളത്തിന്റെ കായികഭൂപടത്തിലെ മിന്നും നക്ഷത്രമായ ജില്ലക്ക് ആ പ്രതാപം നഷ്ടമാകുന്നു. സ്കൂളുകളിൽ കായികപരിശീലന സൗകര്യങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തണം.
ആലപ്പുഴ : വാട്ടർ മെട്രോ മാതൃക വേണം
• നെല്ലിന്റെ വിത, വളപ്രയോഗം, കൊയ്ത്ത്, സംഭരണം, വില നൽകൽ എന്നിവയിൽ സമഗ്രപദ്ധതി ആസൂത്രണം ചെയ്യണം.
• കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജൽജീവൻ പദ്ധതി നടത്തിപ്പ് അതിവേഗവും കാര്യക്ഷമവുമാക്കുക.
• ആലപ്പുഴ മെഡിക്കൽ കോളജിലെയും ജനറൽ ആശുപത്രിയിലെയും ഒ.പികളിലെ തിരക്ക് കുറക്കാൻ കൂടുതൽ സ്പെഷാലിറ്റി ഡോക്ടർമാരെ നിയോഗിക്കുക. ജനറൽ ആശുപതിയിൽ കാത്ത് ലാബ് സ്ഥാപിക്കുക.
• ദേശീയപാത വികസനം നടപ്പാകുമ്പോൾ ജില്ലയിലെ പ്രധാന നഗരങ്ങളായ കായംകുളം ടൗൺ രണ്ടായി വിഭജിക്കപ്പെടുംവിധം കോട്ടകെട്ടിത്തിരിക്കുന്നത് ഒഴിവാക്കുക.
• കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ സംവിധാനം ഒരുക്കി പുതിയ ബോട്ടുകൾ ലഭ്യമാക്കണം.
• ലൈറ്റ് ഹൗസ് മുതൽ ആലപ്പുഴ ബോട്ടുജെട്ടി വരെ വിവിധ മ്യൂസിയങ്ങൾ, ഹെറിറ്റേജ് വ്യാപാരസ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കുക, ആലപ്പുഴ മൊബിലിറ്റി ഹബ്ബും യാഥാർഥ്യമാക്കുക.
• മുടന്തിനീങ്ങുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുക.
• ഇ.എം.എസ് സ്റ്റേഡിയം നവീകരണം അതിവേഗം നടപ്പാക്കുക.
• തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ അതിവേഗം നടപ്പാക്കാൻ ഇടപെടുക.
• തീരസംരക്ഷണത്തിന് ടെട്രാപോഡ് കടൽഭിത്തി നിർമാണം വ്യാപകമാക്കുക.
പത്തനംതിട്ട : അബാൻ മേൽപാലം നിർമാണം പൂർത്തിയാക്കണം
• കോന്നി സർക്കാർ മെഡിക്കൽ കോളജ് ഉടൻ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കണം
• പത്തനംതിട്ട നഗരകേന്ദ്രത്തിൽ 50 കോടി രൂപയുടെ അബാൻ മേൽപാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നു
• പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് നിർമാണം അനന്തമായി നീളുകയാണ്.
കൊല്ലം : അഷ്ടമുടിക്കായലിനെ രക്ഷിക്കണം
• രാഷ്ട്രീയ തർക്കം പരിഹരിച്ച് കൊട്ടാരക്കര താലൂക്ക് വിഭജിച്ച് പുതിയ താലൂക്ക് രൂപവത്കരിക്കണം. ചാത്തന്നൂർ കേന്ദ്രീകരിച്ചും താലൂക്ക് വേണം.
• അഷ്ടമുടിക്കായലിലെ മാലിന്യപ്രശ്നം പരിഹരിക്കണം. കായലിനു നടുവിൽ നിൽക്കുന്ന പാലങ്ങൾ പൂർത്തീകരിക്കണം.
• കുണ്ടറ, ഇരവിപുരം മണ്ഡലങ്ങളിൽ ലെവൽ ക്രോസുകളിൽ മേൽപാലത്തിന് നടപടി വേണം
• ദേശീയപാത വികസനഭാഗമായി ജില്ലയിലെ പ്രധാന നഗരങ്ങളിൽ മതിലിനു പകരം തൂണുകൾ സ്ഥാപിച്ച് വിഭജനം ഒഴിവാക്കണം.
• ചവറ, കരുനാഗപ്പള്ളി മേഖലയിലെ കരിമണൽ ഖനനം മൂലമുള്ള പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കണം.
• പുനലൂരിലെ വനമേഖലയോടടുത്ത പ്രദേശങ്ങളിലും കൊല്ലത്തെ തീരദേശമേഖലയിലും പട്ടയപ്രശ്നം പരിഹരിക്കണം.
• പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലെ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം വേണം.
• മുങ്ങിക്കിടക്കുന്ന മൺറോതുരുത്തിന്റെ ദുരിതം പരിഹരിക്കുന്നതിനൊപ്പം കൊട്ടാരക്കര, കുണ്ടറ, പുനലൂർ മേഖലയിലെ അടക്കം ജില്ലയിൽ വിവിധ ഇടങ്ങളിലെയും കുടിവെള്ളപ്രശ്നം പരിഹരിക്കണം.
• കശുവണ്ടി വ്യവസായം അടക്കം പരമ്പരാഗത തൊഴിൽ മേഖലയും ചാത്തന്നൂർ ഗവ. സ്പിന്നിങ് മിൽ അടക്കം വിവിധ വ്യവസായ സ്ഥാപനങ്ങളും നേരിടുന്ന മുരടിപ്പ് മാറ്റണം
• പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളജ് സൗകര്യം വർധിപ്പിക്കണം.
തിരുവനന്തപുരം : ‘ഓപറേഷൻ അനന്ത’ പദ്ധതി വീണ്ടും വരണം
• തലസ്ഥാന നഗരത്തിലെ ഓടകൾ പുനരുജ്ജീവിപ്പിക്കുന്ന ‘ഓപറേഷൻ അനന്ത’ പദ്ധതി വീണ്ടും വരണം.
• നിർമാണം തുടങ്ങി ആയിരം ദിവസംകൊണ്ട് ആദ്യ കപ്പലടുക്കുമെന്ന് പറഞ്ഞ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ മെല്ലെപ്പോക്കാണ് ജില്ലയിലെ പ്രധാന വികസനപ്രശ്നങ്ങളിൽ ഒന്ന്.
• കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയപാത, കഴക്കൂട്ടം-കാരോട് പാത, കരമന-കളിയിക്കാവിള നാലുവരി പാത, വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ് പദ്ധതി, വഴയില-നെടുമങ്ങാട് നാലുവരി പാത തുടങ്ങിയവയെല്ലാം പാതിവഴിയിലോ സ്തംഭനത്തിലോ നിൽക്കുന്നു.
• പട്ടം, ശ്രീകാര്യം, പേരൂർക്കട, വെഞ്ഞാറമൂട് ജങ്ഷനുകളിൽ മേൽപാല പദ്ധതികളും വട്ടിയൂർക്കാവ് ജങ്ഷൻ വികസനപദ്ധതിയും ഉടൻ വേണം.
• കേന്ദ്ര സർക്കാറിന്റെ സ്മാർട്ട് സിറ്റി മിഷനിൽ ഉൾപ്പെടുത്തിയ തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നത് പാതിവഴിയിൽ
• മുതലപ്പൊഴി ഹാർബർ നിർമാണത്തിലെ അശാസ്ത്രീയത ഇവിടം മത്സ്യത്തൊഴിലാളികളുടെ മരണച്ചുഴിയാക്കി. പരിഹാരത്തിനായി സർക്കാർ നിർദേശിച്ച പദ്ധതികൾ എങ്ങുമെത്തിയില്ല.
• കഴക്കൂട്ടം മുതൽ നേമം വരെ നിർദേശിക്കപ്പെട്ട ലൈറ്റ് മെട്രോ പദ്ധതിക്ക് മുന്തിയ പരിഗണന അനിവാര്യം.
• തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഇപ്പോഴും അടിസ്ഥാനസൗകര്യ വികസനത്തിൽ വീർപ്പുമുട്ടുകയാണ്. നടപടി വേണം.
• ദേശീയ ജലപാതയുടെ ഭാഗമായ, കോവളം മുതൽ വർക്കല വരെ നീളുന്ന വെസ്റ്റ്കോസ്റ്റ് കനാലിന്റെ വികസനം ഉടൻ പൂർത്തിയാവണം.
• തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് പ്രതീക്ഷക്കൊത്ത് വളരാനായില്ല. സാങ്കേതികക്കുരുക്കുകൾ അഴിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.