മന്ത്രിക്കുപ്പായമണിയാൻ...; പുനഃസംഘടന ചർച്ചയിലേക്ക് വന്നതോടെ മോഹവുമായി പലരും രംഗത്ത്
text_fieldsതിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന ചർച്ചയിലേക്ക് വന്നതോടെ മന്ത്രിമോഹവുമായി പലരും രംഗത്ത്. കോവൂര്‍ കുഞ്ഞുമോന്‍, തോമസ് കെ. തോമസ്, മാത്യൂ ടി. തോമസ്, കെ.പി. മോഹനൻ എന്നിവരാണ് മന്ത്രിസ്ഥാനത്തിന് രംഗത്തുള്ളത്. ആർ.എസ്.പി (ലെനിനിസ്റ്റ്) പാർട്ടിയുടെ ഏക എം.എൽ.എയായ കോവൂര്‍ കുഞ്ഞുമോന്‍ എൽ.ഡി.എഫിന് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒറ്റ എം.എൽ.എമാരുള്ള മറ്റ് പാർട്ടികളെ പരിഗണിക്കുമ്പോൾ അഞ്ച് തവണ എം.എൽ.എയായ തനിക്ക് അർഹതയുണ്ടെന്നാണ് കത്തിലുള്ളത്.
എ.കെ. ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്നാണ് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിന്‍റെ ആവശ്യം. എൻ.സി.പി ദേശീയ നേതൃത്വം ഇടപെട്ട് ഇക്കാര്യത്തിൽ നേരത്തേ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ, പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള എൻ.സി.പി സംസ്ഥാന ഘടകം ഇക്കാര്യം അംഗീകരിക്കുന്നില്ല. കെ. കൃഷ്ണൻകുട്ടിയെ മാറ്റി മാത്യു ടി. തോമസിനായി ജെ.ഡി.എസിലെ ഒരുവിഭാഗം രംഗത്തുണ്ട്.
എന്നാൽ, മന്ത്രിപദവി മാറ്റം സംബന്ധിച്ച് ജെ.ഡി.എസിൽ ഒരു ധാരണയുമില്ലെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിലപാട്. കെ.പി. മോഹനനെ മന്ത്രിയാക്കണമെന്നാണ് ജെ.ഡി.എസുമായി ലയനത്തിന് ഒരുങ്ങുന്ന എൽ.ജെ.ഡിയുടെ ആവശ്യം. മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്നവർ അവകാശവാദം കടുപ്പിച്ചാൽ ഇടതുമുന്നണി പ്രതിസന്ധിയിലാകും.
സമയമായില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന ചർച്ചയിലേക്ക് കടക്കാൻ സമയമായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. രണ്ടരവര്‍ഷത്തെ ധാരണ പുതിയ കാര്യമല്ല. നിലവിൽ ഇടതുമുന്നണി ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
തീരുമാനമെടുക്കാൻ എൽ.ഡി.എഫിന് ഒരു ദിവസമോ ഒരു മണിക്കൂറോ മതി. ഞാന്‍ മുന്നണിക്കകത്തുതന്നെയുണ്ട്. മന്ത്രിസ്ഥാനം ആരുടെയും സ്ഥിര അവകാശമല്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. വ്യക്തിയുടെ മെറിറ്റും ഡി മെറിറ്റും നോക്കേണ്ടതില്ല. എനിക്ക് മാത്രമാണ് അര്‍ഹത, മറ്റാര്‍ക്കും ഇല്ലെന്ന് അഭിപ്രായം എനിക്കില്ലെന്നും ആൻറണി രാജു പറഞ്ഞു.
ഗണേശിന്‍റെ കാര്യത്തിൽ ഭിന്നാഭിപ്രായം
തിരുവനന്തപുരം: സർക്കാറിനെ നിരന്തരം വിമർശിക്കുന്ന, സോളാർ സി.ബി.ഐ റിപ്പോർട്ടിൽ പേരുവന്ന് വീണ്ടും വിവാദത്തിലായ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കുന്നതിൽ സി.പി.എമ്മിൽ ഭിന്നാഭിപ്രായം. അതേസമയം, ഗണേഷ് കുമാറിന് അയോഗ്യതയില്ലെന്നാണ് ഇ.പി. ജയരാജൻ പ്രതികരിച്ചത്.
കേരള കോൺഗ്രസ് ബിയിൽനിന്ന് സി.പി.എം ഏകപക്ഷീയമായി ഏറ്റെടുത്ത മുന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ഇതുവരെ തിരിച്ചുനൽകിയിട്ടില്ല. കെ.ബി. ഗണേഷ് കുമാറിന് ആന്‍റണി രാജു ഒഴിയുന്ന ഗതാഗതവകുപ്പാണ് ലഭിക്കേണ്ടത്. ഗതാഗതവകുപ്പിനോട് താൽപര്യമില്ലെന്ന് കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. വനം, അല്ലെങ്കിൽ സിനിമ ഉൾപ്പെടുന്ന സാംസ്കാരിക വകുപ്പുകളിലൊന്നിലാണ് ഗണേഷ് കുമാറിന്‍റെ നോട്ടം.
അവകാശവാദവുമായി തോമസ് കെ.തോമസ്
കൊച്ചി: മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് എൻ.സി.പി എം.എൽ.എ തോമസ് കെ.തോമസ്. രണ്ടരവർഷം പൂർത്തിയാകുമ്പോൾ എ.കെ. ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കാമെന്ന് ധാരണയുണ്ടായിരുന്നെന്നും ശരത് പവാറും പ്രഫുൽ പട്ടേലുമടക്കം ദേശീയ നേതാക്കൾ ഇക്കാര്യം ഉറപ്പുനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം കേന്ദ്ര നേതൃത്വമാണ് ആവശ്യപ്പെടേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് ശരത് പവാറിനെ കാണും. താൻ മന്ത്രിസ്ഥാനത്തിന് അർഹനാണ്. എതിർ ശബ്ദങ്ങളെ മുഖവിലക്കെടുക്കുന്നില്ല. അവർ എൻ.സി.പിയിലേക്ക് ഇപ്പോൾ കയറിവന്നവരാണ്. കുട്ടനാട്ടിൽനിന്ന് ഒരു മന്ത്രി ആവശ്യമാണ്. പി.സി. ചാക്കോ ഇന്നലെ പാർട്ടിയിലേക്ക് വന്നയാളാണ്. മന്ത്രിസ്ഥാനത്തെക്കുറിച്ച് അദ്ദേഹമല്ല പറയേണ്ടത്- തോമസ് കെ.തോമസ് പറഞ്ഞു.
ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട സാഹചര്യമില്ല -ഇ.പി. ജയരാജൻ
ന്യൂഡൽഹി: മന്ത്രിസഭ പുനഃസംഘടന വിഷയം ധാരണയനുസരിച്ച് മുന്നോട്ടുപോകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാലു പാർട്ടികൾക്ക് രണ്ടര വർഷം എന്നധാരണ മുന്നണിയിലുണ്ട്. രണ്ടര വർഷം പൂർത്തിയാകാൻ ഇനിയും സമയമുണ്ട്. ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഇപ്പോഴില്ല. ഒരംഗം മാത്രമേ ഉള്ളൂവെങ്കിലും മന്ത്രിസ്ഥാനം കൊടുക്കുമെന്നത് മുൻധാരണയാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടന പാർട്ടിയോ മുന്നണിയോ ചർച്ച ചെയ്തിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്നത് ഞങ്ങൾക്കാർക്കും അറിയാത്ത വാർത്തയാണ്. ഇതു സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണ്. ഇടതുപക്ഷ മുന്നണിയോ മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയോ സി.പി.എമ്മോ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്തിട്ടില്ലാത്ത വിഷയമാണിത്. സ്പീക്കറെ മാറ്റുമെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അദ്ദേഹം സ്പീക്കർ ആയിട്ട് ഒരു വർഷമല്ലേ ആയുള്ളൂ. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയുള്ള ധാരണയെന്ന് കടന്നപ്പള്ളി
കണ്ണൂർ: രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടനയെന്നത് നേരത്തേയുള്ള ധാരണയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. എടുത്ത തീരുമാനം നടപ്പാക്കാൻ കെൽപുള്ളതാണ് മുന്നണി നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. അദ്ദേഹം തീരുമാനമെടുത്താൽ അത് സ്വീകരിക്കും. ഇക്കാര്യത്തിൽ ആശങ്കയില്ലെന്നും നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.