മന്ത്രിസഭ പുനഃസംഘടന ഡിസംബറിൽ; ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന ഡിസംബർ അവസാനവാരം നടക്കും. വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് - എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള കോൺഗ്രസ് ബിയിലെ കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരാകും. ഐ.എൻ.എല്ലിന്‍റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജുവും ഒഴിയുന്ന സ്ഥാനത്തേക്കാകും ഇവർ വരിക. നേരത്തേയുള്ള രണ്ടര വർഷ കരാർ പ്രകാരമാണ് മാറ്റമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. മറ്റു പാർട്ടികളുടെ മന്ത്രിമാരുടെ മാറ്റം തീരുമാനിച്ചിട്ടില്ല. എൽ.ഡി.എഫ് അല്ല അതത് പാർട്ടികളാകും അത് തീരുമാനിക്കുക.
നവംബറിലാണ് കരാറിന്‍റെ കാലാവധി. എന്നാൽ, ആ സമയത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയാണ്. യാത്രക്കുശേഷം ഡിസംബർ അവസാന വാരം മന്ത്രിസഭ പുനഃസംഘടന നടക്കും. നവംബറിൽതന്നെ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ടവരുണ്ട്. എന്നാൽ, ഉഭയകക്ഷി ചർച്ചയിലൂടെ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയെന്നും ഐകകണ്ഠ്യേനയാണ് തീരുമാനമെന്നും ജയരാജൻ പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവരും പങ്കെടുത്ത എൽ.ഡി.എഫ് യോഗമാണ് മന്ത്രിസഭ പുനഃസംഘടന തീരുമാനിച്ചത്. തീരുമാനത്തിൽ പൂർണ തൃപ്തരാണെന്ന് ഇരുവരും പ്രതികരിച്ചു.
കരാർ പ്രകാരം നവംബറിൽതന്നെ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോൺ- ബി മുന്നണി കൺവീനർക്ക് കത്ത് നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയെന്ന സോളാർ കേസിൽ വിചാരണ നേരിടണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗണേഷിന്‍റെ മന്ത്രിസഭ പ്രവേശനത്തിൽ ആശങ്കയുണ്ടായിരുന്നു. ഗണേഷ് സർക്കാറിനെതിരെ ഉയർത്തിയ നിരന്തര വിമർശനവും ആശങ്കക്ക് കാരണമായി. എന്നാൽ, മുഖ്യമന്ത്രിയും സി.പി.എമ്മും ഗണേഷിന് നൽകിയ വാക്ക് പാലിക്കാൻ തീരുമാനിച്ചതോടെയാണ് പുനഃസംഘടന സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.