മന്ത്രിസഭ പുനഃസംഘടന; മുന്നാക്ക സമുദായ പ്രാതിനിധ്യത്തിൽ വർധന
text_fieldsതിരുവനന്തപുരം: പുനഃസംഘടനയോടെ മന്ത്രിസഭയിലെ മുന്നാക്ക സമുദായ പ്രാതിനിധ്യത്തിൽ വർധന. അതേ സമയം പിന്നാക്ക ക്രൈസ്തവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്തു. മുന്നാക്ക വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം 10ൽ നിന്ന് 11 ആയി വർധിച്ചു. ഇതിൽ മുന്നാക്ക ഹിന്ദു വിഭാഗക്കാരുടെ എണ്ണം ഏഴിൽനിന്ന് എട്ടായി. മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് മൂന്നു മന്ത്രിമാരുണ്ട്.
ലത്തീൻ കത്തോലിക്ക വിഭാഗത്തിൽനിന്നുള്ള ഏക പ്രതിനിധിയായിരുന്നു ആന്റണി രാജു. അദ്ദേഹം രാജിവെച്ചതോടെ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം പൂജ്യമാണിപ്പോൾ. ഈഴവ വിഭാഗത്തിന് അഞ്ചു പേരാണ് മന്ത്രിസഭയിലുള്ളത്.
ദലിത് ക്രൈസ്തവർ, പട്ടിക വർഗം, ആദിവാസി, നാടാർ വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ല. പട്ടികജാതി, മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും. മുസ്ലിം വിഭാഗത്തിൽനിന്നുള്ള മൂന്നുപേർ എന്നത് പുനഃസംഘടനയോടെ രണ്ടായി. ഭരണസാരഥ്യത്തിൽ യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും പ്രാതിനിധ്യത്തിന്റെ കാര്യത്തിലെ അസന്തുലിതത്തിൽ വ്യത്യാസമില്ലെന്നതാണ് കണക്കുകൾ അടിവരയിടുന്നത്.
സർക്കാറുമായി അത്ര സ്വരച്ചേർച്ചയിലല്ലാത്ത എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡ് അംഗം എന്ന കാര്യം കൂടി ചേർത്താണ് ഗണേഷ് കുമാർ മന്ത്രിസഭയിലേക്ക് വരുന്നത്. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ നിയമസഭയിലെത്തിയ ഗണേഷ് കുമാർ ഇരുമുന്നണികളിലായി മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. അതേസമയം, ഗണേഷിനൊപ്പം 2001 മുതൽ തുടർച്ചയായി അഞ്ചു നിയമസഭയിലെത്തിയയാളാണ് കോവൂർ കുഞ്ഞുമോൻ. അദ്ദേഹത്തെ ഇതുവരെയും മന്ത്രിക്കസേരയിലേക്ക് പരിഗണിച്ചിട്ടില്ല.
ഒറ്റ കക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം നൽകണമെന്ന തീരുമാനം നടപ്പാക്കുന്നതിന് രണ്ടര വർഷം വീതം എന്ന കാലഗണന നിശ്ചയിച്ച് ഊഴം പകുത്ത് നൽകിയ ഇടതുമുന്നണി, സംവരണണ്ഡലമായ കുന്നത്തൂരിനെ അഞ്ചുവട്ടം തുടർച്ചയായി നിയമസഭയിൽ പ്രതിനിധാനംചെയ്ത കോവൂരിനെ അവഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.