മന്ത്രിസഭ പുനഃസംഘടന സമയത്ത് നടക്കും-ഇ.പി
text_fieldsതിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന്‍റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും മന്ത്രിസഭപ്രവേശനം സ്ഥിരീകരിച്ചും എൽ.ജെ.ഡിയുടെ ആവശ്യം തള്ളിയും ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ.
മന്ത്രിസ്ഥാനം സംബന്ധിച്ച മുൻ തീരുമാനവും ഘടകകക്ഷികൾക്ക് നൽകിയ വാഗ്ദാനവും അതിന്‍റെ സമയത്ത് നടപ്പാക്കുമെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും വാർത്തസമ്മേളനത്തിൽ ഇ.പി പ്രതികരിച്ചു. നവംബറിലാണ് പുനഃസംഘടന വരേണ്ടത്.
അഞ്ചുവർഷത്തിൽ പകുതി സമയം ഒരു കക്ഷിക്കും ശേഷിക്കുന്നത് മറ്റൊരു കക്ഷിക്കുമെന്നതാണ് ധാരണ. ഈ തീരുമാനം മാറ്റേണ്ട സാഹചര്യമില്ല. എന്നാൽ ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ വിഷയം ചർച്ചയായില്ല. പുനഃസംഘടന ഇപ്പോൾ വിഷയമേ അല്ലെന്നും യോഗതീരുമാനം വിശദീകരിക്കവേ ഇ.പി പറഞ്ഞു.
അതേസമയം, എൽ.ജെ.ഡിയുടെ മന്ത്രിസ്ഥാന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവർക്കും മോഹിക്കാമെന്നും മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും തെറ്റാണെന്ന് പറയാനാവില്ലെന്നുമായിരുന്നു ഇ.പിയുടെ മറുപടി. ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം നൽകാനാവില്ല. അതുപോലെ ഒരു എം.എൽ.എ മാത്രമുള്ള എല്ലാവരെയും പരിഗണിക്കാനാവില്ല. എന്നാൽ, ചില പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ചിലർക്ക് ഊഴമനുസരിച്ച് മന്ത്രിസ്ഥാനം നൽകുന്നത്. ഇത് ഇടതുമുന്നണി തീരുമാനമാണ്.
മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ല. മന്ത്രിസഭയിൽ വലിയ അഴിച്ചുപണി എന്നത് ഏതോ കേന്ദ്രത്തിൽ നിന്ന് വന്ന പ്രചാരണമാണ്. അത് മാധ്യമങ്ങൾ ഏറ്റെടുത്ത് നാണം കെട്ടു. യോഗത്തിൽ പല കാര്യങ്ങളും ചർച്ച ചെയ്യും. പറയേണ്ടത് മാത്രമേ പരസ്യപ്പെടുത്തൂ. കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട കാര്യം സ്ഥിരീകരിച്ച ഇ.പി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹത്തിന് ബോധ്യപ്പെട്ടെന്ന് പറഞ്ഞു. ഗണേഷ്കുമാറിന്‍റെയടക്കം മന്ത്രിസഭ പ്രവേശനത്തെക്കുറിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും സൂചന നൽകിയിരുന്നു. ധാരണയനുസരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്‍റണി രാജുവിന് പകരം കെ.ബി. ഗണേഷ്കുമാറുമാണ് മന്ത്രിസഭയിലേക്കെത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.