കേബിൾ ടി.വി: ട്രായ് നിർദേശങ്ങളിൽ സ്റ്റേയില്ല
text_fieldsകൊച്ചി: ടെലികോം െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദേശപ്രകാരം കേബിള്‍ ടി.വി സര്‍വിസുകളിലും ഡയറക്ട് ടു ഹോം സേവനങ്ങളിലും (ഡി.ടി.എച്ച്) വെള്ളിയാഴ്ച മുതൽ മാറ്റങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു.
സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നും നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കൊല്ലം ഇൻറർനെറ്റ് കേബിൾ ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. െഫബ്രുവരി ഒന്നുമുതൽ പണം നൽകി കാണുന്ന ചാനലുകൾക്ക് മാത്രമാണ് നിയന്ത്രണമുണ്ടാവുകയെന്നും സൗജന്യമായവ സാധാരണപോലെ ലഭ്യമാകുമെന്നുമുള്ള കേന്ദ്രസർക്കാർ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമൻ ഹരജി ഇൗ മാസം എട്ടിലേക്ക് മാറ്റി.
സൗജന്യമായി ലഭിക്കുന്ന ചാനലുകൾക്കുപുറമെ പണം നൽകേണ്ടവ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അവസരം നൽകുന്ന മാറ്റമാണ് വെള്ളിയാഴ്ച മുതൽ നടപ്പാകുന്നത്. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ മതിയായ ബോധവത്കരണം നടന്നിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. അതിനാൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മാറ്റം നടപ്പാക്കിയാൽ വെള്ളിയാഴ്ച മുതൽ വരിക്കാർക്ക് ചാനലുകൾ ലഭിക്കാത്ത അവസ്ഥയുണ്ടാകും. കേബിൾ ടി.വി ഒാപറേറ്റർമാർക്ക് ലൈസൻസ് നഷ്ടമാകാനും ഇടയാകും. അതിനാൽ മാറ്റം നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ദേശീയതലത്തിൽ സുപ്രീംകോടതിയും ഹൈകോടതികളും ട്രായി നിർദേശപ്രകാരമുള്ള ഇൗ മാറ്റം അംഗീകരിച്ചതാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. നയപരമായ തീരുമാനമാണിത്. സൗജന്യമായി അനുവദിക്കുന്ന ചാനലുകളൊന്നും മുടങ്ങില്ല. പണം നൽകുന്നമുറക്ക് പെയ്ഡ് ചാനലുകൾ ലഭ്യമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി സ്റ്റേക്ക് വിസമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.