കേബിളുകള്‍ ചൈനയുടേത്; കെ-ഫോണ്‍ ടെൻഡര്‍ വ്യവസ്ഥ ലംഘിച്ചെന്ന് എ.ജി റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കിയ കെ-ഫോണ്‍ പദ്ധതിയില്‍ മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം ലംഘിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോര്‍ട്ട്. ടെൻഡർ വ്യവസ്ഥ ലംഘിച്ചതായും പറയുന്നു. പദ്ധതിക്കായി ഉപയോഗിച്ച ഒ.പി.ജി.ഡബ്ല്യു കേബിളിന്റെ 70 ശതമാനത്തോളം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കണ്‍സോര്‍ട്യത്തില്‍ പങ്കാളിയായ എൽ.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂനിറ്റ് ചൈനീസ് കമ്പനിയുടേതാണ്. കേബിളുകള്‍ നില്‍മിക്കുന്ന രണ്ട് കമ്പനികള്‍ ഇന്ത്യയിലുണ്ടായിട്ടും ഒപ്റ്റിക്കല്‍ യൂനിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് എൽ.എസ് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ടെൻഡര്‍ വ്യവസ്ഥ ലംഘിച്ച് കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍) എൽ.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ടി.ജി.ജി-ചൈന എന്ന കമ്പനിയില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഒപ്റ്റിക്കല്‍ യൂനിറ്റ് ഇറക്കുമതി ചെയ്തത്. ഈ ഒപ്റ്റിക്കല്‍ യൂനിറ്റിന് 220 കെ.വി ലൈനിനുവേണ്ടി കെ.എസ്.ഇ.ബി വാങ്ങുന്ന കേബിളിനേക്കാല്‍ ആറുമടങ്ങ് വില കൂടിയതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേബിളുകള്‍ വാങ്ങുന്നതിന് കരാര്‍ നല്‍കിയതെന്നാണ് പദ്ധതി നടത്തിപ്പുകാരായ കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ വിശദീകരണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒപ്റ്റിക്കല്‍ യൂനിറ്റിന്റെ ഗുണനിലവാരത്തില്‍ വ്യക്തത ഇല്ലെന്ന് കെ-ഫോണ്‍ പദ്ധതിയില്‍ പങ്കാളികളായ കെ.എസ്.ഇ.ബി ആരോപിക്കുകയും ഇതിന് പിന്നാലെ ഈ വിഷയത്തില്‍ ഉന്നത സമിതിയുടെ പരിശോധന നിർദേശിക്കുകയും ചെയ്തിരുന്നു.
ഒപ്റ്റിക്കല്‍ യൂനിറ്റാണ് ഒ.പി.ജി.ഡബ്ല്യു കേബിളിന്റെ പ്രധാന ഭാഗം. ഇത് കേബിളിന്റെ 60 മുതല്‍ 70 ശതമാനം വരെ വരുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.