കഫേ@സ്കൂൾ തുടങ്ങി
text_fieldsകണ്ണൂർ: കുടുംബശ്രീയുമായി കൈകോർത്തുള്ള ജില്ല പഞ്ചായത്തിന്‍റെ കഫേ@സ്കൂൾ പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലാണ് കുടുംബശ്രീയുടെ ലഘുഭക്ഷണശാല 'സ്കൂഫേ' എന്ന പേരിലുള്ള കഫേകൾ തുടങ്ങുന്നത്.
ജില്ലയിലെ ആദ്യത്തെ സ്കൂഫേ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയതായി കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് അറിയിച്ചു. സ്കൂളുകളാണ് ഇതിനുള്ള സ്ഥലസൗകര്യം ഒരുക്കേണ്ടത്.
ജില്ല പഞ്ചായത്തിന്‍റെ തനത് ഫണ്ടിൽനിന്ന് 20 ലക്ഷം നീക്കിവെച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. സ്കൂൾവളപ്പിൽ ഒരുക്കുന്ന 'സ്കൂഫേ'യിൽ ലഘുഭക്ഷണവും ഊണും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഉച്ചഭക്ഷണം ഇവിടെയെത്തിച്ച് കുട്ടികൾക്ക് വിതരണം ചെയ്യും.
ഇതിനു പുറമെ കുട്ടികൾക്ക് അത്യാവശ്യമായ പേന, പെൻസിൽ, നോട്ട്ബുക്കുകൾ എന്നിവയും 'സ്കൂഫേ' യിൽനിന്ന് ലഭിക്കും. ഓരോ സ്കൂളിലും 'സ്കൂഫേ' ഒരുക്കുന്നതോടെ രണ്ടു കുടുംബശ്രീ പ്രവർത്തകർക്ക് ജോലി ലഭിക്കും. സ്കൂഫേയിലെ ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടിയും അധികൃതർ സ്വീകരിക്കും.
സ്കൂൾ ഇടവേളകളിൽ കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സ്കൂൾപരിസരങ്ങളിൽ ലഹരിമാഫിയ ശക്തമാകുന്ന സാഹചര്യത്തിൽ ഭക്ഷണത്തിനടക്കം കുട്ടികൾ പുറത്തുപോകുന്നത് 'സ്കൂഫേ' യാഥാർഥ്യമാകുന്നതോടെ ഒരുപരിധിവരെ ഒഴിവാക്കാനാകും.
അടുത്ത മാസം 25 'സ്കൂഫേ'
നവംബറിൽ ജില്ലയിലെ 25 സ്കൂളുകളിൽ 'സ്കൂഫേ' ഒരുങ്ങും. 30 സ്കൂളുകൾ ഇതിന് തയാറാണെന്നു കാണിച്ച് ഇതിനകം കത്ത് നൽകിയിട്ടുണ്ട്. ഈ അധ്യയനവർഷം 75 സ്കൂളുകളിൽ പദ്ധതി തുടങ്ങാനാണ് ലക്ഷ്യം. സ്ഥല സൗകര്യം ഒരുക്കുന്ന എല്ലാ സ്കൂളുകളിലും 'സ്കൂഫേ' തുടങ്ങാനുള്ള സഹായം കുടുംബശ്രീ നൽകും.
-ഡോ. എം. സുർജിത്ത് (കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.