വിദേശവായ്പ ഭരണഘടന ലംഘനമെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: ബജറ്റ് മറികടന്ന് കിഫ്ബി വഴി വിദേശവായ്പ എടുത്തത് ഭരണഘടനാലംഘനമെന്ന് കംട്രോളര്‍- ഓഡിറ്റര്‍ ജനറല്‍. കേന്ദ്ര അധികാരത്തിൽ സംസ്ഥാനത്തിെൻറ കടന്നുകയറ്റമാണത്.
അക്കൗണ്ടുകളിലോ മറ്റ് സ്റ്റേറ്റ്മെൻറുകളിലോ ബജറ്റിന് പുറത്തെ കടമെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരം കടമെടുപ്പുകള്‍ക്ക് നിയമസഭ അനുമതിയില്ലെന്നും നിയമസഭയിൽ മന്ത്രി തോമസ് െഎസക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരാമർശങ്ങൾ നേരേത്ത ധനമന്ത്രി പുറത്തുവിട്ടത് വിവാദമായിരുന്നു. സർക്കാറുമായി ചർച്ച ചെയ്തില്ലെന്നായിരുന്നു ആരോപണം. മന്ത്രിയുടെ വിശദീകരണം സഹിതമാണ് റിപ്പോർട്ട് സഭയിൽ െവച്ചത്. തിരിച്ചടവ് സംബന്ധിച്ച് കിഫ്ബിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.
ഭരണഘടന അനുച്ഛേദം 293ന് കീഴിൽ സർക്കാറിെൻറ കടമെടുപ്പിന് നിശ്ചയിച്ച പരിധി മറികടക്കുന്നതും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ഒന്നാം പട്ടികയിലെ വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്ന 37ാം വ്യവസ്ഥ ലംഘിക്കുന്നതുമാണ് കിഫ്ബിയുടെ വിദേശവായ്പയെന്ന് സി.എ.ജി പറയുന്നു. കിഫ്ബിക്ക് ആവശ്യമായ വായ്പകളില്‍ കൂടുതല്‍ മസാല ബോണ്ടുകള്‍ വഴി എടുത്തത് ഭരണഘടനാവ്യവസ്ഥകളുടെ ലംഘനമാണ്. 2150 കോടിയാണ് മസാല ബോണ്ട്. സര്‍ക്കാറിെൻറ തനത് റവന്യൂവരുമാനം വഴിയാണ് തിരിച്ചടവ് എന്നതിനാല്‍ ഇത്തരം വിദേശ കടമെടുപ്പുകള്‍ എല്ലാ രീതിയിലും സംസ്ഥാന കടമെടുപ്പാണ്. ഇതിന് അനുമതി നല്കിയ റിസര്‍വ്ബാങ്ക് തീരുമാനം ചോദ്യംചെയ്യപ്പെടാം. മറ്റ് സംസ്ഥാനങ്ങൾ ഇൗ മാതൃക പിന്തുടർന്നാൽ കേന്ദ്രം അറിയാതെ വിദേശ കടബാധ്യത വർധിക്കും.
കിഫ്ബി വായ്പകളുടെ മുതലിനും പലിശക്കും ഗാരൻറി സര്‍ക്കാര്‍ നല്കുന്നതിനാല് ഇത്തരം കടമെടുപ്പുകളെ ആകസ്മിക ബാധ്യതകളെന്ന് വിശേഷിപ്പിക്കാമെന്നാണ് കിഫ്ബി മറുപടി. തിരിച്ചടവില്‍ മുടക്കം വരുത്തിയാലേ സര്‍ക്കാറിന് ബാധ്യതയാകൂ.
പെട്രോളിയം സെസും നികുതിവിഹിതവും ഉപയോഗിച്ച് ബാധ്യതകള്‍ അനായാസം തിരിച്ചടക്കാമെന്നും കിഫ്ബി വിശദീകരിച്ചു. ആകസ്മിക ബാധ്യതയെന്ന സര്‍ക്കാര്‍ നിലപാടിനെ സി.എ.ജി ആശ്ചര്യകരം എന്നാണ് വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.