കിഫ്ബിയുടെ വായ്പകളും ചെലവുകളും ബജറ്റിലും അക്കൗണ്ടിലും ഉൾപ്പെടുത്തണം; സർക്കാർ വാദം തള്ളി സി.എ.ജി
text_fieldsതിരുവനന്തപുരം: കിഫ്ബിക്ക് എടുക്കുന്ന വായ്പകൾ ആകസ്മിക ബാധ്യതകളാണെന്നും വായ്പകൾക്ക് നിയമസഭ അംഗീകാരമുണ്ടെന്നുമുള്ള സര്‍ക്കാർ വാദം സി.എ.ജി തള്ളി. സർക്കാർ ഏജൻസികൾ ബജറ്റിന് പുറത്ത് നടത്തുന്ന കടമെടുപ്പ് ബജറ്റിലും അക്കൗണ്ടുകളിലും ഉൾപ്പെടുത്തണമെന്നും സി.എ.ജി നിർദേശിച്ചു. കിഫ്ബി വായ്പയിൽ സി.എ.ജി മുൻ റിപ്പോർട്ടിനെതിരെ സർക്കാർ രംഗത്തുവന്നിരുന്നു. ചരിത്രത്തിലാദ്യമായി സി.എ.ജി റിപ്പോര്‍ട്ടിലെ ഭാഗം നീക്കാൻ നിയമസഭ പ്രമേയവും പാസാക്കി. എന്നാൽ, പുതിയ റിപ്പോർട്ടിലും സി.എ.ജി നിലപാട് ആവർത്തിച്ചു.
കിഫ്ബിയുടേത് ആകസ്മിക ബാധ്യത എന്നതാണ് സർക്കാർ നിലപാട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാലും നിയമപ്രകാരം അതിെൻറ കടബാധ്യത സംസ്ഥാനത്തിെൻറ വരുമാനസ്രോതസ്സുകളില്നിന്ന് നികത്തേണ്ടിവരുന്നതിനാലും സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സി.എ.ജി വ്യക്തമാക്കുന്നു. ഭരണഘടന പ്രകാരം ബജറ്റ് രേഖകളില്‍ കിഫ്ബിയുടെ വായ്പകളും ചെലവുകളും ഉള്‍പ്പെടുത്താത്തതിനാല്‍ കിഫ്ബിയുടെ വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമുണ്ടെന്ന വാദവും അംഗീകരിക്കാനാകില്ല. ബജറ്റിന് പുറത്തുള്ള വായ്പകളുടെ വിശദാംശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണം.
ഇതേവാദമാണ് സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിെൻറ (കെ.എസ്.എസ്.പി.എല്‍) കാര്യത്തിലും ബാധകം. ഇതിെൻറ ബാധ്യതയും സംസ്ഥാന സര്‍ക്കാറാണ് ഏറ്റെടുക്കേണ്ടത്. എല്ലാ സര്‍ക്കാര്‍ വായ്പയും ചെലവുകളും നിയമവിധേയമായി ബജറ്റില്‍ ഉള്‍പ്പെടുത്തണം. ബജറ്റിതര വായ്പകളിലൂടെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത് സാമ്പത്തിക ഉത്തരവാദിത്ത നിയമത്തില്‍നിന്നുള്ള വ്യതിചലനത്തിന് കാരണമാകും.
കിഫ്ബി എടുത്ത 5,036.71 കോടി രൂപയുടെ വായ്പക്ക് 2019-20 വരെ 353.21 കോടി രൂപ പലിശ നല്‍കേണ്ടിവന്നു. കിഫ്ബി പദ്ധതികള്‍ക്ക് ചെലവിട്ട 5,014.17 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പെട്രോള്‍-ഡീസല്‍ സെസുകളില്നിന്ന് 2019-20 വരെ 1,921.11 കോടിയും വാഹനനികുതിയില്‍നിന്ന് 3651.74 കോടിയും ലഭിച്ചു. സാങ്കേതിക സഹായത്തിന് 74.14 കോടിയും വന്‍കിട അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്ക് 2,498.41 കോടിയും അനുവദിച്ചു. പുറമെയാണ് 5,036.61 കോടി വായ്പ. മസാലാ ബോണ്ട് വഴി 2,150 കോടി രൂപ സമാഹരിച്ചു. ഇതിനാണ് പലിശയില്‍ വലിയ വിഹിതം പോയിരിക്കുന്നത്. മൊത്തം 353.21 കോടി രൂപ പലിശയായി നല്കിയപ്പോള് 209.25 കോടി രൂപ മസാല ബോണ്ടിെൻറ വായ്പക്കാണ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.