ഭക്ഷ്യസുരക്ഷ വകുപ്പിനെ കുറ്റപ്പെടുത്തി സി.എ.ജി
text_fieldsതിരുവനന്തപുരം: നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന് കഴിഞ്ഞില്ലെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട്. വർഷംതോറും ഭക്ഷ്യസ്ഥാപനങ്ങൾ പരിശോധിക്കണമെന്ന വ്യവസ്ഥ വകുപ്പ് പാലിച്ചില്ല. അങ്കണവാടികളിൽ വിതരണം ചെയ്ത അമൃതം പൊടിയും ബംഗാൾ പയറും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുത്തില്ലെന്നതടക്കം രൂക്ഷ വിമർശനമുള്ള റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ സമർപ്പിച്ചു.
നിരവധി സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നിരീക്ഷണത്തിന് പുറത്താണ്. വകുപ്പിന്‍റെ ഫുഡ് ബിസിനസ് ഓപറേറ്റർമാരുടെ (എഫ്.ബി.ഒ) ഡേറ്റബേസ് കാലികമല്ല. ചിലർക്ക് ലൈസൻസിന് പകരം രജിസ്ട്രേഷൻ നൽകിയത് വരുമാനനഷ്ടമുണ്ടാക്കി. എഫ്.എസ്.എസ്.എ.ഐ വിജ്ഞാപനം ചെയ്ത ലബോറട്ടറികളിൽ എല്ലാ ഘടകങ്ങളുടെയും പരിശോധനക്ക് എൻ.എ.ബി.എൽ അംഗീകാരമില്ല. പ്രത്യേക ഭക്ഷണ സാമ്പ്ൾ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാനുള്ള പരിശോധനക്ക് ലാബുകൾ സജ്ജമല്ല. ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ പരിശോധന നടത്തുന്ന ലാബുകൾ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് തൃപ്തികരമെന്ന് വിലയിരുത്തുന്നത്. അരവണ ടിന്നിലെ ലേബലിൽ കാലഹരണപ്പെടുന്ന തീയതി അടക്കം നിരവധി വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
രജിസ്ട്രേഷൻ, പരിശോധന, സാമ്പ്ൾ ശേഖരണം, ഭക്ഷ്യവിശകലനം, നിരീക്ഷണം തുടങ്ങിയ ഘട്ടങ്ങളിൽ അപാകതയുണ്ടായി. നിയമലംഘനം നടത്തിയ എഫ്.ബി.ഒകൾക്ക് ചുമത്തിയ പിഴയും കോമ്പൗണ്ടിങ് ചാർജും കുടിശ്ശികയാണ്. 2020 സെപ്റ്റംബറിൽ അങ്കണവാടികളിൽ വിതരണം ചെയ്ത 3556.50 കിലോ അമൃതം ന്യൂട്രിമിക്സും 444 കിലോ ബംഗാൾ പയറും പിന്നീട് പരിശോധിച്ചപ്പോൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് പിടിച്ചെടുക്കുകയോ തിരിച്ചെടുക്കുകയോ ഉണ്ടായില്ല.
അങ്കണവാടികളിൽനിന്ന് അഞ്ച് സാമ്പ്ൾ വരെ എടുക്കണമെന്ന നിർദേശവും പാലിച്ചില്ല. സുരക്ഷിതമല്ലാത്ത ബാച്ചിലെ മുഴുവൻ ഭക്ഷണവും ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.