നികുതിവകുപ്പിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി സി.എ.ജി
text_fieldsതിരുവനന്തപുരം: ജി.എസ്.ടി വിഹിതവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ കുറ്റപ്പെടുത്തലുകൾക്കിടെ സംസ്ഥാന നികുതിവകുപ്പിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. എസ്.ജി.എസ്.ടി വകുപ്പിലെ ഓഡിറ്റിന് വിധേയമാകാവുന്ന 216 യൂനിറ്റിൽനിന്ന് 24 യൂനിറ്റുകൾ ഉൾപ്പെടെ 42 യൂനിറ്റുകൾ പരീക്ഷണ പരിശോധനക്കായി എടുത്തതിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്.
കുറഞ്ഞ നികുതിയോ പലിശയോ ചുമത്തിയതും തീരെ ചുമത്താത്തത്, ക്രമരഹിതമായി ഇൻപുട്ട് ടാക്സ് നൽകൽ, വിറ്റുവരവ് നികുതി നിർണയത്തിലെ പാളിച്ച, മറ്റു പിഴവുകൾ സംഭവിച്ചത് എന്നിവയുമായി ബന്ധപ്പെട്ട് 49.35 കോടി വരുന്ന 68 കേസുകളിൽ ക്രമക്കേട് കണ്ടെത്തി.
ജി.എസ്.ടി അടവും തിരിച്ചടവും സംബന്ധിച്ച ഒരു കേസിൽ 35.55 കോടിയുടെ നഷ്ടം കണ്ടെത്തി. വിറ്റുവരവ് വിട്ടുപോയ നികുതിനിർണയത്തിലൂടെ 2.74 കോടി നഷ്ടമുണ്ടായി. ഇത്തരം 14 കേസുകൾ കണ്ടെത്തി. നികുതിദായകന് തിരിച്ചുകിട്ടേണ്ട ഇൻപുട്ട് ടാക്സ് അമിതമായും തെറ്റായും ഉപയോഗിച്ച 13 കേസുകൾ കണ്ടെത്തി. ഇതിലൂടെ 1.62 കോടിയുടെ നഷ്ടമുണ്ടായി. മറ്റുള്ള 40 കേസുകളിലൂടെ 9.44 കോടിയും നഷ്ടമായി.
അടിത്തട്ടിൽ നികുതി പിരിക്കേണ്ട സർക്കിളുകളുടെ ഓഡിറ്റിൽ റിട്ടേണുകളുടെ സൂക്ഷ്മപരിശോധനയിലെ വീഴ്ചകൾ കണ്ടെത്തി. ആഭ്യന്തര പരിശോധനയുടെ അഭാവം, രജിസ്ട്രേഷൻ റദ്ദാക്കിയ ശേഷമുള്ള ജി.എസ്.ടി.ആർ 10 ഫയൽ ചെയ്യാത്തതിലുള്ള നടപടികളുടെ അഭാവം, വൈകി ഫയൽ ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും എതിരായ നടപടിയില്ലായ്മ എന്നിങ്ങനെ അഞ്ച് വ്യവസ്ഥാപരമായ വീഴ്ചകൾ ഓഡിറ്റ് കണ്ടെത്തി.
റെക്കോഡുകളുടെ പരീക്ഷണ പരിശോധനയെ അടിസ്ഥാനമാക്കിയുള്ള കേസുകൾ ആയതിനാൽ ഇവ ഉദാഹരണങ്ങൾ മാത്രമാണെന്ന് ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നു. പരീക്ഷണ പരിശോധന നടത്തിയ കേസുകൾ ടെസ്റ്റ് ഓഡിറ്റ് ആയതിനാൽ വകുപ്പ് ബാക്കിയുള്ള യൂനിറ്റുകളിൽ പരിശോധന നടത്തി പരിഹാരം കാണണമെന്നും ഓഡിറ്റ് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.