പദ്ധതികൾ ലക്ഷ്യം കണ്ടില്ല, സി.എ.ജി റിപ്പോർട്ടിൽ വൈദ്യുതി ബോർഡിന് രൂക്ഷ വിമർശനം
text_fieldsതിരുവനന്തപുരം: ചെലവ് കുറഞ്ഞ വൈദ്യുതി ഉൽപാദനം നടത്താതിരിക്കൽ, പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ചയടക്കം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിന് സി.എ.ജിയുടെ വിമർശനം. സ്വന്തം ജലവൈദ്യുതി നയം കെ.എസ്.ഇ.ബി പാലിക്കാത്തതും വേനൽക്കാല പീക്ക് സമയങ്ങളിൽ അധിക വൈദ്യുതി ഉൽപാദിപ്പിക്കാത്തതും നഷ്ടത്തിന് കാരണമായി. പീക്ക് സമയത്ത് ചെലവുകുറഞ്ഞ ജലവൈദ്യുതി ഉൽപാദിപ്പിക്കാത്തതിനാൽ 86.4 മെഗാവാട്ട് വൈദ്യുതിക്കായി 25.31 കോടി രൂപ അധികം ചെലവഴിച്ചു. കുറ്റ്യാടി എക്സ്റ്റെന്ഷന് പദ്ധതിയില്‍ ജലമെത്തിക്കുന്നതിന് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് വിഭജിച്ചത് ജലത്തിെൻറ സമ്മർദം ശക്തമാക്കി. 10 മെഗാവാട്ട് ഉൽപാദനശേഷി കുറഞ്ഞു. ഇത് ആദ്യമേതന്നെ ശ്രദ്ധയിൽപെട്ടെങ്കിലും പരിഹരിക്കുന്നതിനുണ്ടായ കാലതാമസം 178.70 മെഗാവാട്ട് വൈദ്യുതിയുടെ ഉൽപാദനനഷ്ടത്തിനും 52.36 കോടിയുടെ വൈദ്യുതി വാങ്ങുന്നതിനും കാരണമായി.
കുറ്റ്യാടി അഡീഷനല്‍ എക്സ്റ്റെന്ഷന് പദ്ധതിയുടെ ടെയില്‍ റേസ് ചാനലില്‍ തടയണ കെട്ടിയതുമൂലം ഉൽപാദന യൂനിറ്റിെൻറ റണ്ണര്‍ ഹൗസിങ്ങില്‍ ശരിയായ വായുസഞ്ചാരം ഇല്ലാതായി. ഉൽപാദനശേഷി 20 മെഗാവാട്ട് കുറയ്ക്കേണ്ടിവന്നു. ഇത് 133.80 മെഗാവാട്ട് വൈദ്യുതിയുടെ ഉൽപാദനനഷ്ടത്തിലേക്കും 39.20 കോടിയുടെ വൈദ്യുതി വാങ്ങുന്നതിലേക്കും നയിച്ചു.
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ആദ്യഘട്ട യൂനിറ്റുകളുടെയും ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് യൂനിറ്റുകളുടെയും ശേഷി വര്‍ധിപ്പിക്കല്‍ സാധ്യത ഉപയോഗപ്പെടുത്തിയില്ല. പ്രതിവര്‍ഷം 212.04 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദിപ്പിക്കാൻ അവസരം നഷ്ടപ്പെട്ടു. നടപ്പാക്കിയിരുന്നെങ്കില്‍ അത്രയും വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാമായിരുന്നു. ബിഡ്ഡുകളുടെ സാങ്കേതിക വിലയിരുത്തലിലെ ന്യൂനതമൂലം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നവീകരണം, ശേഷികൂട്ടല്‍ പദ്ധതികളില്‍ 21 മാസത്തെ കാലതാമസമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ശബരിഗിരി പദ്ധതിയിലെ യൂനിറ്റ് നാലിന് കരാറുകാരന് ഉറപ്പുനല്‍കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രകടനം നടത്താനായില്ല. തകരാര്‍ ബാധ്യതാ കാലയളവിലും അതിനുശേഷവും ദീര്‍ഘമായി അടച്ചിടേണ്ടിവന്നതുമൂലം 201.60 മെഗാവാട്ട് വൈദ്യുതി ഉൽപാദന നഷ്ടമുണ്ടായി. വൈദ്യുതി വാങ്ങുന്നതിന് 59.07 കോടി രൂപയുടെ അധികച്ചെലവും.
വൈദ്യുതി ബോർഡ് 2018-19 ൽ 1,860.42 കോടി നഷ്ടം വരുത്തി. ഊര്‍ജമേഖലയിലെ മൂന്ന് കമ്പനികള്‍ 2014-15 വര്‍ഷം 144.95 കോടി ലാഭമുണ്ടാക്കി. 2018-19ല്‍ 1,853.80 കോടി രൂപയുടെ മൊത്തം നഷ്ടമായി. പവര്‍ ആൻഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്പറേഷന് 5.97 കോടിയുടെയും കിനെസ്കോ പവര്‍ 0.65 കോടിയുടെയും ലാഭം നേടിയപ്പോൾ കെ.എസ്.ഇ.ബി 1860.42 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വിതരണരംഗത്തെ സാങ്കേതിക-വാണിജ്യ നഷ്ടം 11 ശതമാനം കുറയ്ക്കാൻ 2017 മാര്‍ച്ചില്‍ കേന്ദ്രവുമായി ധാരണപത്രത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാൽ, കടബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.