ബാധ്യത നാല് ലക്ഷം കോടി; താങ്ങാനാവാത്ത സാമ്പത്തികസ്ഥിതിയെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകളിലാണ് കേരളമെന്ന് കണക്കുകൾ നിരത്തി സി.എ.ജി റിപ്പോർട്ട്. 2018-19 ൽ 2.41 ലക്ഷം കോടിയായിരുന്ന ബാധ്യത 53.35 ശതമാനം വർധിച്ച് 2022-23ൽ 3.70 ലക്ഷം കോടിയായതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പിൽ നിയന്ത്രണമില്ലാത്തതാണ് ഈ മോശംസ്ഥിതിക്ക് കാരണം. 2023 മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ വെച്ചു. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയുമടക്കം കടമെടുപ്പ് കൂടി കണക്കിലെടുത്താൽ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത നാല് ലക്ഷം കോടിയിലെത്തും.
2018-19 മുതൽ 2022-23 വരെ കാലയളവിൽ പൊതുകടത്തിൽ 79,766.53 കോടിയുടെ വർധനയുണ്ട്. ആഭ്യന്തരകടം ഇക്കാലയളവിൽ 76,146.04 കോടി കൂടി. കേന്ദ്രസർക്കാറിൽ നിന്നുള്ള വായ്പകളിലെ വർധന 3,620.49 കോടിയും. അഞ്ച് വർഷത്തിനിടെ പൊതുകടം 1,58,234.45 കോടിയിൽനിന്ന് 2,52,506.28 കോടിയായി. കടമെടുക്കുന്ന പണത്തിൽ 76.49 മുതൽ 97.88 ശതമാനം വരെ കടത്തിന്റെ തിരിച്ചടവിനാണ് വിനിയോഗിച്ചതെന്നും റിപ്പോർട്ട് അടിവരയിടുന്നു.
അഞ്ച് വർഷക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമടക്കം ഉൾക്കൊള്ളുന്ന റവന്യൂ ചെലവ്, ആകെ ചെലവിന്‍റെ 89 മുതൽ 92 ശതമാനം വരെയായിരുന്നു. ഈ സാഹചര്യം ആസ്തികൾ സൃഷ്ടിക്കുന്നതിന് മതിയായ പണം ലഭ്യമാകാത്ത സ്ഥിതിയുണ്ടാക്കി.
അതേസമയം 2022-23ലെ മൊത്തം ചെലവിൽ റവന്യൂ ചെലവിന്റെ വിഹിതത്തിൽ (89.56 ശതമാനം) 2021-22ൽ (89.42) നേരിയ കുറവ് വന്നിട്ടുണ്ട്. റവന്യൂ ചെലവ് നേരിടുന്നതിന് റവന്യൂ വരവ് മാത്രം പര്യാപ്തമാകാത്ത സ്ഥിതിയുണ്ട്. ഫലത്തിൽ ചെലവുകൾക്ക് തുക കണ്ടെത്താൻ സർക്കാറിന് കടമെടുക്കേണ്ടിവരുന്നു. ഇത് വിവേകപരമായ സാമ്പത്തിക നടപടിയല്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.