സോഷ്യൽ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വീഴ്ചവരുത്തിയെന്ന് സി.എ.ജി
text_fieldsകോഴിക്കോട്: സോഷ്യൽ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വീഴ്ചവരുത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സോഷ്യൽ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിന് മൂന്ന് മുതൽ അഞ്ച് വരെ ഉദ്യോഗസ്ഥരെ (ഹരിതകേരളം മിഷൻ പരിശീലിപ്പിച്ച രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ) നിയമിക്കാൻ സംസ്ഥാന സർക്കാർ 2017 ജൂലൈയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. എന്നാൽ, അത് നടപ്പാക്കിയില്ല.
ഹരിതകർമ്മസേനയുടെ പ്രകടനം വിലയിരുത്തുന്നതിനും പൊതുജനങ്ങളിൽ പരാതികളിൽ തുടർനടപടികൾ എടുക്കുന്നതിനും തദ്ദേശ സ്ഥാപനത്തിന് വാർഷിക റിപ്പോർട്ടുകൾ നൽകുന്നതിനുമുള്ള ഉത്തരവാദിത്തം സോഷ്യൽ ഓഡിറ്റ് കമ്മിറ്റിക്കായിരുന്നു. സർക്കാർ നിർദേശിച്ച പ്രകാരം തെരഞ്ഞെടുത്ത യു.എൽ.ബികൾ സോഷ്യൽ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കുകപോലും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. അതിനാൽ, ഹരിതകർമ്മസേനയുടെ പ്രകടനവും പൊതുജനങ്ങളുടെ പ്രതികരണവും വിലയിരുത്താനും സംവിധാനമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
കേരള മുനിസിപ്പൽ നിയമത്തിലെ സെക്ഷൻ 334 എ(ഒന്ന്) പ്രകാരം വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, അപ്പാർട്ടുമെന്റുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ ഉറവിടത്തിൽ തന്നെ ഖര, ദ്രവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും, നിർമാർജനം ചെയ്യുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. നിർമാണ സമയത്ത് തന്നെ മാലിന്യസംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുകയും, യു.എൽ.ബിയുടെ സെക്രട്ടറി അത്തരം സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യണം.
നിയമം ലംഘിക്കുന്നവർക്ക് 10,000-ൽ കുറയാത്ത പിഴയോ, ഒരു വർഷം വരെ തടവോ, രണ്ടും കൂടിയോ നൽകി ശിക്ഷിക്കേണ്ടതാണ്. ഓഡിറ്റിന് നൽകിയ വിവരങ്ങൾ അനുസരിച്ച്, തെരഞ്ഞെടുത്ത യു.എൽ.ബികളിൽ മുന്നിടങ്ങളിലെ മൂന്ന് ആരോഗ്യവിഭാഗങ്ങൾ മാത്രമാണ് ഈ രീതിയിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പിഴകൾ ചുമത്തിയിട്ടുള്ളത്. ആലുവ, പരപ്പനങ്ങാടി, മഞ്ചേരി മുൻസിപ്പാലിറ്റികൾ മാത്രം.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്തി പിഴ ഈടാക്കുന്നതിനായി, തിരുവനന്തപുരം കോർപ്പറേഷനിൽ 21 ലക്ഷത്തിന് 15 കാമറകളും, കായംകുളം മുനിസിപ്പാലിറ്റിയിൽ അഞ്ച് ലക്ഷത്തിന് അഞ്ച് കാമറകളും, ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ അഞ്ച് ലക്ഷത്തിന് 11 കാമറകളും 2018-2019 കാലയളവിൽ വാങ്ങി. തിരുവനന്തപുരം കോർപ്പറേഷനിലെ കാമറകൾ ഉപയോഗിച്ചു 41,930 പിഴയായി ചുമത്താൻ സാധിച്ചെങ്കിലും (2021 ഒക്ടോബർ), കാമറകൾ പിന്നീട് തകരാറിറ്റാവുകയും പകർത്തിയ ചിത്രങ്ങൾക്ക് ആവാഹനത്തെ തിരിച്ചറിയാൻ സഹായിക്കത്തക്ക വ്യക്തതയില്ലാതാവുകയും ചെയ്തു.
കായംകുളം, ആലപ്പുഴ മുനിസിപ്പാലിറ്റികളിൽ വൈദ്യുതി കണക്ഷൻ സ്ഥാപിക്കാത്തതിനാൽ സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നില്ല. സ്ഥാപിച്ച കാമറകൾക്ക് സമയോചിതമായി അറ്റകുറ്റപ്പണിയും പരിപാലനവും നടത്തുന്നതിലൂടെ ഫലപ്രദമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കുമേൽ ഉത്തരവാദിത്തമുണ്ടെന്നാണ് സി.എ.ജിയുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.