ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി വീഴ്ചയെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് പരീക്ഷകളിൽ അടിമുടി വീഴ്ചയെന്ന് സി.എ.ജി കണ്ടെത്തൽ. ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെൽറ്റോ- ഹെൽമെറ്റോ ധരിക്കാറില്ല. ഡ്രൈവിങ് ടെസ്റ്റിങിലെ ഒമ്പത് അപര്യാപ്തകളാണ് പരിശോധനയിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ 37 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് സി.എ.ജി പരിശോധന നടത്തിയത്. വർധിക്കുന്ന വാഹന അപകടങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഡ്രൈവിങ് സ്കൂള്‍ അധികൃതർ പരീക്ഷകളിൽ ഇടപെടുന്നുവെന്നും എ.ജിയുടെ പരിശോധന റിപ്പോർട്ടിൽ പറയുന്നു. നവീകരിച്ച ട്രാക്കുകളും ഡ്രൈവിങ് ടെസ്റ്റിൽ പരിഷ്ക്കാരങ്ങളും ആവശ്യമാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഫോർവീൽ ടെസ്റ്റിനായുള്ള എച്ച് ട്രാക്കിനൊപ്പം പാർക്കിങ് ട്രാക്ക് വേണമെന്നാണ് ചട്ടം. എന്നാൽ പരിശോധന നടത്തിയ 37 ഗ്രൗണ്ടിൽ 34 ൽ പാർക്കിങ് ട്രാക്ക് ഇല്ല.
'എച്ച്' ട്രാക്കിൽ ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നില്ല. 37 ഗ്രൗണ്ടിൽ പരിശോധന നടത്തിയതിൽ 31 ഗ്രൗണ്ടിലും സീറ്റ് ബെൽറ്റ് ഇടാതെയാണ് എച്ച് എടുക്കുന്നത്. സീറ്റ് ബെൽറ്റ് ഇടാതെ ടെസ്റ്റ് നടത്തിയാൽ യഥേഷ്ടം പുറകിലേക്ക് നോക്കി വാഹനം പിന്നിലേക്കെടുക്കാൻ കഴിയും. ഇരുചക്രവാഹന ടെസ്റ്റിൽ ഹെൽമെറ്റും വെക്കുന്നില്ല. 37 ഗ്രൗണ്ടിൽ 20 എണ്ണത്തിൽ ടെസ്റ്റ് എടുക്കുന്ന ആൾ ഹെൽമറ്റ് വെക്കുന്നില്ല.
ഇരുചക്രവാഹനത്തിന്റെ റോഡ് ടെസ്റ്റും ഗ്രൗണ്ടിൽ തന്നെ നടത്തുന്നു. 37 ഗ്രൗണ്ടിൽ പരിശോധിച്ചതിൽ 20 ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽതന്നെ നടത്തുന്നതായി എ.ജി കണ്ടെത്തി. എച്ച് ടെസ്റ്റിൽ വാഹനം പൂർണമായും ബ്രേക്ക് ചവിട്ടി സ്റ്റിയറിങ് തിരിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ പരാജയപ്പെടും. പക്ഷെ 37 ൽ 12 ഗ്രൗണ്ടിൽ വാഹനം ബ്രേക്ക് ചെയ്തി സ്റ്റിയറിങ് തിരിച്ചാണ് എച്ച് എടുക്കുന്നതെന്നും കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ല , ഏഴ് വാഹനങ്ങൾക്ക് പുക പരിശോധന സെർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി. ഡ്രൈവിങ് സ്കൂൾ പരിശീലകർ ടെസ്റ്റിൽ ഇടപെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.