ഡിലിറ്റ് നൽകുന്നത് ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയുടെ പരിഗണനയിലില്ലെന്ന്
text_fieldsതേഞ്ഞിപ്പലം: പ്രമുഖരായ രണ്ട് സമുദായനേതാക്കളെ മുന്‍നിര്‍ത്തി രാഷ്ട്രീയലക്ഷ്യത്തോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണമാണ് കാലിക്കറ്റ് സർവകലാശാലയിലെ ഡിലിറ്റ് വിവാദത്തിന് പിന്നിലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡിലിറ്റ് നല്‍കുന്നതിനെക്കുറിച്ച ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. നാക് സംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് സര്‍വകലാശാല തയാറെടുപ്പ് നടത്തുന്നതിനിടെ വിവാദം സൃഷ്ടിക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍.
കോളജ് മാനേജ്മെന്റ് പ്രതിനിധിയായി സിന്ഡിക്കേറ്റിലെത്തിയ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനപ്രവര്ത്തകനായിരുന്ന അംഗത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. സര്‍വകലാശാലയുടെ അക്കാദമിക് രീതി സംബന്ധിച്ച ധാരണക്കുറവില്നിന്ന് സംഭവിച്ചതാണിത്. സ്വകാര്യ സര്‍വകലാശാലകള്‍ ഡിലിറ്റ് നല്കുന്ന മാതൃകയിലല്ല പൊതുസര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ സര്‍വകലാശാലയുടെ പരിഗണനയില്‍ ആര്‍ക്കെങ്കിലും ഡിലിറ്റ് നല്കുന്ന വിഷയമില്ല. അടിസ്ഥാനരഹിത ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമാകുമെന്നും സിന്‍ഡിക്കേറ്റ് സ്റ്റാഫ് സ്ഥിരം സമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ അറിയിച്ചു.
സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല -രജിസ്ട്രാര്‍
തേഞ്ഞിപ്പലം: കഴിഞ്ഞദിവസം ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡി.ലിറ്റ് നല്‍കുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്. ഏതെങ്കിലും അംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡി.ലിറ്റിന് ശിപാര്‍ശ ചെയ്യപ്പെടുന്നത്.
ഡോ. പി. വിജയരാഘവന് അധ്യക്ഷനായ സമിതി ഡിലിറ്റ് നാമനിര്‍ദേശങ്ങള്‍ക്കായി നിലവിലുണ്ട്. ഡിലിറ്റ് നല്‍കുന്നതിനുള്ള നിര്‍ദേശം ഈ സമിതി വഴി എത്തുകയും സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും വേണം.
സിന്‍ഡിക്കേറ്റ് തീരുമാനം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിക്കുകയും ചാന്‍സലറുടെ അനുമതിയോടെ മാത്രം നടപ്പാവുകയും ചെയ്യുന്നതാണ്. ആദരസൂചകമായി സര്‍വകലാശാല നല്കുന്ന ബഹുമതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമില്ലാതെ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഖേദകരമാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
ഡി.ലിറ്റ് വേണ്ടെന്ന് കാന്തപുരം; വൈസ് ചാൻസലർക്ക് കത്തയച്ചു
കോഴിക്കോട്: വിവാദം കനത്തതോടെ കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് സ്വീകരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വൈസ് ചാൻസലർക്ക് കത്തയച്ചു.
ഡി.ലിറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും വിദ്യാർഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്താൻ സർവകലാശാല ശ്രദ്ധിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് വി.സിക്ക് അയച്ച നീണ്ട കത്തിൽ പറയുന്നു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡി.ലിറ്റ് നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. ഇടത് അനുകൂലിയായ സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്.
ഇടത് അനുകൂലികളിൽനിന്നുതന്നെ എതിർപ്പ് നേരിട്ട പ്രമേയം വിവാദമാവുകയും ഇരുവർക്കും ഡി.ലിറ്റ് നൽകരുതെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തുവരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.