കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി. വൈമാനികെൻറ അവസരോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ 8.10ന് ചെന്നൈയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് തെന്നിനീങ്ങിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തെ തുടർന്ന് കരിപ്പൂരിൽ ഒരു മണിക്കൂർ 20 മിനിറ്റ് റൺവേ അടച്ചിട്ടു. മൂന്ന് വിമാനങ്ങൾ തിരിച്ചുവിടുകയും സർവിസുകൾ വൈകുകയും ചെയ്തു. സ്പൈസ് ജെറ്റിെൻറ രണ്ട് സർവിസുകൾ റദ്ദാക്കി.
വെള്ളിയാഴ്ച രാവിലെ മഴ പെയ്ത സമയത്തായിരുന്നു സംഭവം. ചെന്നൈയിൽ നിന്ന് 68 യാത്രക്കാരും ജീവനക്കാരുമടക്കം 75 പേരുമായി എത്തിയ സ്പൈസ് ജെറ്റിെൻറ എസ്.ജി^3251 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 78 പേർക്ക് സഞ്ചരിക്കാവുന്ന ക്യു^400 വിഭാഗത്തിൽപ്പെട്ട വിമാനമാണിത്. കരിപ്പൂരിൽ പടിഞ്ഞാറ് ഭാഗത്തു നിന്ന് കിഴക്കോട്ടുള്ള റൺവേയിൽ ഇറങ്ങിയ വിമാനം ലാൻഡിങിനിടെ വലതുവശത്തേക്ക് തെന്നിനീങ്ങുകയായിരുന്നു.
വശങ്ങളിൽ സ്ഥാപിച്ച അഞ്ച് ലൈറ്റുകൾ തകർത്ത ശേഷം റൺവേയുടെ പരിധി വിട്ട് പുറത്ത് മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്ക് തെന്നിനീങ്ങി. ഉടൻ പൈലറ്റ് വിമാനം നിയന്ത്രണത്തിൽ കൊണ്ടുവരികയായിരുന്നു. തിരിച്ച് റൺവേയിൽ പ്രവേശിച്ച വിമാനം സുരക്ഷിതമായി പാർക്കിങ്ബേയിൽ എത്തിച്ച് യാത്രക്കാരെ ഇറക്കി. അപകടം സംഭവിച്ച ഉടൻ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സുരക്ഷ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തെതുടർന്ന് വിമാനത്തിെൻറ ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മറ്റു തകരാറുകൾ പരിശോധിച്ചുവരികയാണെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ഇൗ പ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രമേ സർവിസ് പുനരാരംഭിക്കുകയുള്ളൂ. വിമാനത്താവള അധികൃതരും പൈലറ്റിൽ നിന്ന് പ്രാഥമികമായി വിവരങ്ങൾ തേടി. സംഭവത്തിന് ശേഷം രാവിലെ 9.30 വരെ കരിപ്പൂരിൽ റൺേവ അടച്ചിട്ടു. തകരാറുകൾ സംഭവിച്ച ലൈറ്റുകൾ മാറ്റി സ്ഥാപിച്ച് റൺവേയിലെ ചളി നീക്കം ചെയ്ത ശേഷമാണ് സർവിസുകൾ പുനരാരംഭിച്ചത്.
സമാനമായ സംഭവം നാല് മാസം മുമ്പും
കൊണ്ടോട്ടി: നാല് മാസം മുമ്പും കരിപ്പൂരിൽ സമാനമായ രീതിൽ വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങിയിരുന്നു. ടേക്ക് ഒാഫിനിടെ ഷാർജയിലേക്കുള്ള എയർഇന്ത്യ വിമാനമാണ് കഴിഞ്ഞ ഏപ്രിൽ 22ന് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. യന്ത്രത്തകരാറിനെ തുടർന്നായിരുന്നു അന്ന് വിമാനം ഒരുവശത്തേക്ക് തെന്നിനീങ്ങിയത്. വിമാനത്തിെൻറ എൻജിനും ചക്രങ്ങളും പൊട്ടിത്തെറിക്കുകയും ചെയ്തു.
അതേസമയം, നവീകരണം പൂർത്തിയായ റൺവേയിൽ ഘർഷണം കുറവാണെന്നും മിനുസം കൂടുതലാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റൺവേയുടെ ചില ഭാഗങ്ങളിൽ മിനുസം കൂടുതലാണെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് മിനുസം കുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എയർഇന്ത്യ വിമാനത്തിന് അപകടം സംഭവിച്ചതിന് ശേഷമായിരുന്നു പ്രവൃത്തി നടത്തിയത്. പുതിയ റൺവേയിലൂടെ ഒാടുേമ്പാൾ വിമാനങ്ങളുടെ ചക്രങ്ങളിൽ നിന്ന് പ്രതലത്തിൽ പറ്റിപിടിച്ച റബറിെൻറ അംശം നീക്കുകയാണ് അന്ന് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.