കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കമായി
text_fieldsകരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കമായി. റണ്‍വേ വികസനത്തിനും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്.ഇ.എസ്.എ) വര്‍ധിപ്പിക്കാനുമായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിക്കാണ് ശനിയാഴ്ച തുടക്കമായത്. അതിര്‍ത്തി നിര്‍ണയത്തിനുശേഷം മറ്റു നടപടികളിലേക്ക് കടക്കും.
നിലവിലെ റൺവേയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആര്.എഫ്.സി.ടി.എല്‍.എ.ആര്.ആര് ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനഃസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം.
ആറുമാസത്തിനകം പൂര്‍ത്തിയാക്കും
സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തിനകം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ഭൂമി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കൈമാറും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പിന് നല്കേണ്ടുന്ന അഞ്ച് ശതമാനം കണ്ടിന്‍ജന്‍സി ചാർജ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ല -മന്ത്രി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. വിമാനത്താവളം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്.ഇ.എസ്.എ) വികസനവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിമാനത്താവള കോൺഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവും നല്ല രീതിയില്‍ വിമാനത്താവളം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആറുമാസത്തിനകം ഭൂമി ഏറ്റെടുത്ത് റണ്‍വേ വികസനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിമാനത്താവളത്തിന്റെ നിലനില്പിനെതന്നെ ബാധിക്കും. വിമാനത്താവളം ഇല്ലാതാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന പ്രവണത ഒരുഭാഗത്തുനിന്നും ഉണ്ടാവരുത്. വിമാനത്താവള വികസനത്തിന് എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.
ഏറ്റെടുക്കൽ നഷ്ടം വരാത്ത രീതിയില്‍
കരിപ്പൂര്‍: ഭൂവുടമകള്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന് മന്ത്രി വി അബ്ദുറഹിമാന്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേക യോഗം വിളിച്ച് ഭൂവുടമകളെ ബോധ്യപ്പെടുത്തും. ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകൂ. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെ നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വിശദീകരിച്ചു.
യോഗത്തില്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ടി.വി. ഇബ്രാഹിം, ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ജില്ല പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുറഹിമാന്, കൊണ്ടോട്ടി നഗരസഭ ചെയര്പേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹറ, വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ്, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദാലി, ഡെപ്യൂട്ടി കലക്ടര്‍ കെ. ലത എന്നിവർ സംബന്ധിച്ചു.
ഭൂമിക്ക് വിപണിവിലയുടെ ഇരട്ടി തുക
കരിപ്പൂര്‍: നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണിവിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങള്‍ക്ക് കെട്ടിട വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നല്‍കും. മരങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇതിനുപുറമെ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി താമസവീട്ടില്നിന്ന് കുടിയിറക്കപ്പെടുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായമായി മൂന്ന് ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി 50,000 രൂപ, ഒറ്റത്തവണ അലവന്‍സായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും.
ഇതിന് പുറമെ കന്നുകാലിത്തൊഴുത്തുപോലുള്ളവക്ക് 50,000 രൂപ അനുവദിക്കും. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 6000 രൂപ നിരക്കില്‍ ആറുമാസത്തേക്ക് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.