സത്യസന്ധതക്ക് ആദരവ് നേടിയ ഓട്ടോ ഡ്രൈവർ കുടിയിറക്ക് ഭീഷണിയിൽ
text_fieldsകോഴിക്കോട്: സത്യസന്ധതക്ക് നഗരത്തിെൻറ ആദരവ് നേടിയ ഓട്ടോ തൊഴിലാളി കോവിഡ് ലോക്ഡൗണിൽ ഏത് നിമിഷവും വീട് വിടേണ്ടി വരുമെന്ന ഭീഷണിയിൽ. നടക്കാവ് സ്വദേശിയായ പി.കെ. ഷമീറിനെ (42) എലത്തൂർ ചെട്ടികുളം കടുക്കബസാറിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിടുമെന്നാണ് വീട്ടുടമയുടെ ഭീഷണി. ലോക്ഡൗണിൽ ഓട്ടം നിന്നതിനാൽ വാടക കൊടുക്കാനാവാത്തതാണ് കാരണം. പട്ടിണിയിലായ കുടുംബം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തിൽ കഴിയുകയാണ്. ഓട്ടോയിൽനിന്ന് ലഭിച്ച 10 പവനും 50,000 രൂപയും ഷമീർ വെസ്റ്റ്ഹില്ലിലെ ഉടമകൾക്ക് തിരിച്ചുനൽകിയത് മാസങ്ങൾക്കുമുമ്പ് വാർത്തയായിരുന്നു. വിശ്വസിക്കാമെന്നും വണ്ടി ഓടിത്തുടങ്ങിയാൽ പണം തരാമെന്നുമുള്ള അപേക്ഷ ഉടമ ചെവിക്കൊള്ളുന്നില്ല. ചെട്ടിക്കുളത്ത് 20,000 രൂപ അഡ്വാൻസിന് മാസം 9000 രൂപ വാടകക്കാണ് താമസം.
തലയിലെ അർബുദത്തിനും പ്രമേഹത്തിനുമുള്ള ചികിത്സക്കിടെ ഓട്ടോയോടിക്കുന്ന ഷമീർ അഡ്വാൻസ് തുക കൂട്ടിക്കൊടുക്കാനില്ലാത്തതിനാലാണ് വലിയ വാടക നൽകി, മറ്റൊരു വീടിന് മുകളിൽ ഒരുക്കിയ ചെറിയ ഫ്ലാറ്റിൽ താമസം തുടങ്ങിയത്. പരമാവധി ഓട്ടം പിടിച്ച് വാടകയും ഒാട്ടോയുടെ അടവും ജീവിതച്ചെലവും ഒപ്പിച്ചെടുക്കാമെന്നായിരുന്നു ആത്മവിശ്വാസം. ലോക്ഡൗൺ എല്ലാ പ്രതീക്ഷയും തകർത്തു. വണ്ടിയുടെ അടവും മുടങ്ങി. കഴിഞ്ഞ മാസത്തെ വാടക കൊടുക്കാനില്ലാത്തതിനാൽ റമദാൻ നോമ്പിനിടയിൽതന്നെ താമസമൊഴിയണമെന്നാണ് ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തോട് െകട്ടിടമുടമ ആവശ്യപ്പെട്ടത്. ഭീഷണിയകറ്റി വീടുണ്ടാക്കാൻ ഏതാനും സെൻറ് ഭൂമിയെങ്കിലും ലഭിച്ചെങ്കിലെന്ന ആഗ്രഹത്തിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.