ഇടുക്കിയുടെ പേരില്‍ സസ്യവുമായി കാലിക്കറ്റിലെ ഗവേഷകര്‍
text_fieldsകാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ ഇടുക്കി ജില്ലയില്‍ നിന്ന് പുതുസസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി സെക്രട്ടറിയുമായ പ്രഫ. സന്തോഷ് നമ്പി, ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതുസസ്യത്തെ കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നാണ് സസ്യത്തിന് പേര് നല്‍കിയിരിക്കുന്നത്.
അമൃതാഞ്ജന്‍ ചെടി എന്നറിയപ്പെടുന്ന പോളിഗാലെസിയെ കുടുംബത്തിലെ പോളിഗാല ജനുസ്സില്‍പ്പെടുന്നതാണ് ഈ സസ്യം. വേരുകള്‍ക്ക് അമൃതാഞ്ജന്‍ ബാമിന്റെ മണമുള്ളതിനാലാണ് ഇങ്ങനെയൊരു പേര്. ഇടുക്കി ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് മലനിരകളില്‍ നിന്നുമാണ് സസ്യത്തെ കണ്ടെത്തിയത്. മൈലാഞ്ചിച്ചെടിയുടെ ഇലകളുമായി സാദൃശ്യമുള്ളതാണ് ഇതിന്റെ ഇലകള്‍.
വെളുത്ത നിറത്തിലുള്ള മൊട്ടുകള്‍ വിടരുമ്പോള്‍ ലാവെണ്ടര്‍ നിറത്തിലാകുകയും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെളുത്ത നിറത്തിലേക്ക് മാറുന്നതുമാണ് ഇതിന്റെ പ്രത്യേകത. സ്‌പെയിനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അനല്‍സ്‌ഡെല്‍ ജാര്‍ഡിന്‍ ബൊട്ടാണിക്കോ ഡിമാഡ്രിഡ് എന്ന ജേണലിന്റെ പുതിയ ലക്കത്തില്‍ ഈ സസ്യത്തെക്കുറിച്ചുള്ള പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.