കാലിക്കറ്റ് സെനറ്റ് നാമനിർദേശം: ഗവർണർക്ക് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളുടെ നാമനിർദേശവുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ചാൻസലർക്ക് ഹൈകോടതിയുടെ നോട്ടീസ്. സെനറ്റിലേക്ക് വൈസ് ചാൻസലർ തയാറാക്കിയ പട്ടികക്ക് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ പട്ടിക റദ്ദാക്കണമെന്നും ഇതിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ പി.വി. കുട്ടൻ, ദാമോദർ അവനൂർ എന്നിവർ നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാമാണ് ഗവർണറടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ചാൻസലർ സർക്കാറിനോട് പട്ടിക ആവശ്യപ്പെടുകയും ചാൻസലർ അത് അംഗീകരിച്ച് ഉത്തരവിടുകയുമാണ് ചെയ്യാറ്. എന്നാൽ, കാലിക്കറ്റിൽ വൈസ് ചാൻസലറോടാണ് പട്ടിക ആവശ്യപ്പെട്ടത്.
വിവിധ മണ്ഡലങ്ങളിൽനിന്നുള്ള ഓരോരുത്തരുടെ പട്ടിക വി.സി നൽകി. തുടർന്ന് ചാൻസലറുടെ ഓഫിസ് മൂന്നുപേരടങ്ങുന്ന പാനൽ ആവശ്യപ്പെടുകയും നൽകുകയും ചെയ്തു. അതിൽനിന്ന് രണ്ട് വിദ്യാർഥി പ്രതിനിധികളെ ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെടുകയും മാറ്റിനൽകുകയും ചെയ്തു. തുടർന്ന് വി.സി തയാറാക്കിയ പട്ടികയിൽനിന്ന് രണ്ടുപേർ ഒഴികെയുള്ളവരെ ഒഴിവാക്കി ചാൻസലർക്ക് താൽപര്യമുള്ളവരെ ഉൾപ്പെടുത്തി പുതിയ പട്ടിക തയാറാക്കുകയായിരുന്നു.
മാധ്യമപ്രവർത്തകരുടെ മണ്ഡലത്തിൽനിന്ന് വി.സിയുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഹരജിക്കാരനായ കുട്ടൻ. പകരം സ്വകാര്യ ജേണലിസം കോളജ് ഡയറക്ടറും ബി.ജെ.പി പ്രവർത്തകനുമായ എ.കെ. അനുരാജിനെയാണ് പട്ടികയിൽ ചാൻസലർ ഉൾപ്പെടുത്തിയത്.
വ്യവസായി മണ്ഡലത്തിൽനിന്ന് വി.സിയുടെ പട്ടികയിൽ ഉൾപ്പെട്ട ദാമോദർ അവനൂരിനെ ഒഴിവാക്കി കോൺഗ്രസ് മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റായ ടി.ജെ. മാർട്ടിനെ നാമനിർദേശം ചെയ്തു. സർവകലാശാലക്ക് പുറത്തുള്ള റിസർച് സ്ഥാപനങ്ങളിലുള്ളവരെ റിസർച് ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽനിന്ന് പരിഗണിക്കുന്നതിനുപകരം സർവകലാശാലയിലെ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ സി.യു.ടി.എ നേതാവ് ഡോ. പി. രവീന്ദ്രനെ ഉൾപ്പെടുത്തി. വി.സിയുടെ പട്ടിക വ്യാപകമായി അട്ടിമറിച്ച് സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ചാൻസലർ തയാറാക്കിയ ഈ പട്ടിക നിയമവിരുദ്ധമാണെന്നും ചാൻസലർക്ക് നാമനിർദേശം ചെയ്യാനുള്ള അവകാശമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം. ഹരജി ഡിസംബർ 14ന് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.