ഒരിടത്ത് ഡി, ഒരിടത്ത് സി, മറ്റൊരിടത്ത് ബി; കാലിക്കറ്റ് സർവകലാശാല ഓഫിസുകളിൽ മൂന്ന് തരം നിയന്ത്രണം
text_fieldsതേഞ്ഞിപ്പലം: മൂന്ന് പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലയുടെ ഓഫിസുകളിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തേണ്ടിവന്നത് മൂന്ന് തരം നിയന്ത്രണങ്ങൾ. ഏത് പഞ്ചായത്തിലാണ് ഓഫിസ് എന്നറിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക് സേവനങ്ങൾ കൃത്യമായി ലഭിക്കൂ എന്നതാണ് സാഹചര്യം.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, പള്ളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകളിലായാണ് കാലിക്കറ്റ് സർവകലാശാല സ്ഥിതിചെയ്യുന്നത്. ഡി വിഭാഗത്തില്‍പ്പെടുന്ന പള്ളിക്കല്‍ പഞ്ചായത്ത് പരിധിയിലെ ഓഫിസുകളില്‍ അവശ്യ സേവനത്തിനുള്ള ജീവനക്കാർ മാത്രമേ ഉണ്ടാകൂവെന്നാണ് അറിയിപ്പ്.
സി വിഭാഗത്തിലുള്ള ചേലേമ്പ്ര പരിധിയിലെ ഓഫിസുകളില്‍ 25 ശതമാനം പേരും ബി വിഭാഗത്തിലുള്ള തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ ഓഫിസുകളില്‍ 50 ശതമാനം പേരും ഹാജരാകണം.
സർവകലാശാലയിലെ പ്രധാന റോഡിന്‍റെ ഒരു വശത്ത് പള്ളിക്കൽ പഞ്ചായത്തും മറുവശത്ത് തേഞ്ഞിപ്പലം പഞ്ചായത്തുമാണ്. ഒരു വശത്തെ ഓഫിസിൽ 50 ശതമാനം പേർ ഹാജരാകുമ്പോൾ മറുവശം പള്ളിക്കൽ പഞ്ചായത്തിലെ ഓഫിസിൽ അവശ്യ സേവനത്തിനുള്ളവർ മാത്രമേയുണ്ടാകൂ.
അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, പരീക്ഷ ഭവൻ, എൻജിനീയറിങ് വിഭാഗം, ആരോഗ്യ കേന്ദ്രം, ടാഗോർ നികേതൻ, വിദൂരവിദ്യാഭ്യാസ വിഭാഗം, കൊമേഴ്സ് വിഭാഗം മുതലായവയാണ് ഡി കാറ്റഗറിയിലെ പള്ളിക്കൽ പഞ്ചായത്തിൽ വരുന്ന പ്രധാന ഓഫിസുകൾ. ഇവിടെ അവശ്യ സർവിസുകൾ ഒഴികെയുള്ളവ പ്രവർത്തിക്കുകയില്ല.
ലൈബ്രറി, മെൻസ് ഹോസ്റ്റൽ, പ്രസ്, അക്കാദമിക് സ്റ്റാഫ് കോളജ്, ഇ.എം.എം.ആർ.സി, ലാംഗ്വേജ് ബ്ലോക്ക് മുതലായവയാണ് സി കാറ്റഗറിയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ഉൾപ്പെട്ട പ്രധാന ഓഫിസുകൾ. ഇവയിൽ 50 ശതമാനം ജീവനക്കാർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിക്കെത്താം.
അതേസമയം, പരീക്ഷ, അഭിമുഖങ്ങള്‍, യോഗങ്ങള്‍ എന്നിവക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍, ടെലിഫോണ്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കാമ്പസ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.