കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്ക് വീണ്ടും ദുരിതം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികൾക്ക് ദുരിതം തുടരുന്നു. 2019ൽ ചേർന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് കാരണം സമ്പര്‍ക്ക ക്ലാസുണ്ടായിരുന്നില്ല. എന്നാൽ, ട്യൂഷന് ഫീസ് ഈടാക്കുന്നുമുണ്ട്. 2019ല്‍ പി.ജി പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് ആഗസ്റ്റ് 12ന് ആരംഭിച്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 18നാണ് അവസാനിച്ചത്. ഒന്നാം സെമസ്റ്ററിന് ഹാൾടിക്കറ്റ് കിട്ടിയത് പരീക്ഷയുടെ തലേന്നായിരുന്നു.
രണ്ടു ദിവസം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കാത്തിരുന്ന് അവസാന വട്ട ഒരുക്കങ്ങൾ നടത്താനുമായില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ചിലയിടത്ത് പഴയ സ്കീമിലുള്ള ചോദ്യക്കടലാസുകൾ കിട്ടിയതും വിദ്യാർഥികൾക്ക് പരീക്ഷണമായിരുന്നു. വെറും 13 ദിവസത്തെ ഇടവേള കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് രണ്ടാം സെമസ്റ്റർ പരീക്ഷ തുടങ്ങുമെന്നാണ് പുതിയ അറിയിപ്പ്.
15 മണിക്കൂർ സമ്പർക്ക ക്ലാസ് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പാകുന്നില്ല. കുറച്ചു മാസങ്ങൾക്കു മുമ്പ് ലഭിച്ച പഠനസാമഗ്രികള്‍ ഉപയോഗിച്ചാണ് വിദ്യാർഥികളുടെ 'അഭ്യാസം'. വെബ്സൈറ്റില്‍ ക്ലാസുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിലും അപൂര്‍ണമാണ്.
പഠനസാമഗ്രികള്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞതും കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് വായിച്ചുതീര്‍ക്കാന്‍ കഴിയാത്തതുമാണ്. ഇതിനിടെയാണ് മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് ട്യൂഷന് ഫീസ് അടക്കാന്‍ ഞായറാഴ്ച അറിയിപ്പു വന്നത്. ക്ലാസുകളില്ലാതെ എന്തിനാണ് ട്യൂഷന് ഫീസ് അടക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ ചോദി ക്കുന്നത്.
മൂന്ന്, നാല് സെമസ്റ്ററുകളുടെ പഠന സാമഗ്രികള്‍ ഇനിയും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുമില്ല. പരീക്ഷ അറിയിപ്പ് യഥാസമയം അറിയാത്തതിനാല്‍ സൂപ്പര്‍ ഫൈനോടെ അപേക്ഷിച്ചതിന് ശേഷം പിന്നീട് ഇതൊഴിവാക്കി സാധാരണ ഫീസില്‍ വീണ്ടും അപേക്ഷിക്കാന്‍ അനുവാദം നല്‍കിയിരുന്നു.
നിരവധി വിദ്യാര്‍ഥികളാണ് സൂപ്പര്‍ ഫൈനോടെ അപേക്ഷിച്ചത്. ഈ ഇനത്തിലും വന്‍ ചൂഷണമാണ് സര്‍വകലാശാല നടത്തിയത്.
പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും വാങ്ങിവെക്കാറുണ്ടെങ്കിലും അറിയിപ്പുകളൊന്നും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ലഭിക്കാറില്ല.
ഇതുകൊണ്ടുതന്നെ പരീക്ഷകള്‍ യഥാസമയം അറിയാത്തതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് അവസരം നഷ്ടമാകാറുള്ളത്. പണം വാങ്ങിവെക്കാനുള്ള ഏജന്‍സിയായി മാത്രം വിദൂര വിദ്യാഭ്യാസ വിഭാഗം മാറിക്കഴിഞ്ഞെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.