ആളില്ലാതെ പഠനവകുപ്പുകൾ; ഗവേഷണത്തിന് പാര
text_fieldsവ്യക്തികളെ പോലെയല്ല, സ്ഥാപനങ്ങൾക്ക് മുതൽക്കൂട്ടാണ് പ്രായം. വർഷമൊന്ന് പിന്നിടുേമ്പാൾ അത്രയും പുരോഗതി കൈവരും. എന്നാൽ, സുവർണ ജൂബിലി വർഷത്തിലും കാലിക്കറ്റ് സർവകലാശാലക്ക് ബാലാരിഷ്ടതകളേറെയാണ്. പഠനവകുപ്പുകളിൽ പകുതിയോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതാണ് ഏറ്റവും പ്രധാന പ്രശ്നം. അതും കാലങ്ങളായി. അസി. പ്രഫസർ-115, അസോസിയറ്റ് പ്രഫസർ-60, പ്രഫസർ-30 എന്നിങ്ങനെയാണ് ആകെയുള്ള അധ്യാപക തസ്തികകൾ. നിലവിലുള്ളവരാകെട്ട ഇങ്ങനെ: അസി. പ്രഫസർ-63, അസോസിയറ്റ് പ്രഫസർ-31, പ്രഫസർ-21. അതായത് പകുതിയോളം തസ്തികകളിലും സ്ഥിരം അധ്യാപകരില്ല. 35 പഠനവകുപ്പുകളിലായാണ് ഇത്രയും അധ്യാപകരുടെ ഒഴിവ്. താൽക്കാലികക്കാരെ നിയമിച്ചാണ് അധ്യയനം.
ഫിനാൻസ് ഒാഫിസർ, കോളജ് ഡെവലപ്മെൻറ് കൗൺസിൽ ഡയറക്ടർ, അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടർ, സർവകലാശാല ലൈബ്രേറിയൻ, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ, ലൈഫ് ലോങ് ലേണിങ് വകുപ്പ് ഡയറക്ടർ, സെക്യൂരിറ്റി ഒാഫിസർ, എൻ.എസ്.എസ് ഒാഫിസർ, പബ്ലിക് റിലേഷൻസ് ഒാഫിസർ തുടങ്ങി നിർണായക തസ്തികകളിലും ആളില്ല. എല്ലാവരും ഇൻചാർജുമാർ. ഉടൻ നിയമിക്കുമെന്ന് പതിവുപോലെ സിൻഡിക്കേറ്റ് യോഗങ്ങൾ തീരുമാനിക്കും. തുടർനടപടിയൊന്നുമുണ്ടാവില്ല. താൽക്കാലിക അധ്യാപകർ മാത്രമാവുേമ്പാൾ അത് പഠന-ഗവേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല.
നിലവിലെ വി.സി ഡോ. കെ. മുഹമ്മദ് ബഷീർ ചുമതലയേറ്റശേഷം ആദ്യം നടന്ന സിൻഡിക്കേറ്റ് യോഗത്തിലെടുത്ത തീരുമാനം അസിസ്റ്റൻറ് നിയമനം നടത്താനാണ്. ഇൻറർവ്യൂവിൽ വൻ അഴിമതി നടന്നുവെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ മുൻ വി.സി ഡോ. എം. അബ്ദുസ്സലാം ഫയലിൽ കുറിച്ചിട്ടതാണ്. മുൻ വി.സി ഫയലിലെഴുതിയെന്നതുകൊണ്ട് അസിസ്റ്റൻറ് നിയമനം പാടില്ലെന്ന് ഇതിനർഥമില്ല. 350ഒാളം പേരെ നിയമിച്ചതും കോഴ ആരോപണവും കേസുമൊക്കെ നിലനിൽക്കുന്നു. വിഷയമതല്ല. അനധ്യാപക നിയമനത്തിൽ കാണിക്കുന്ന ആവേശം അധ്യാപകനിയമനത്തിൽ വി.സിക്കോ സിൻഡിക്കേറ്റംഗങ്ങൾക്കോ ഇല്ല.
ഒരൊറ്റ ടൈപ്റൈറ്റിങ് മെഷീൻ പോലുമില്ലാത്ത സർവകലാശാലയിൽ നൂറുകണക്കിന് ടൈപ്പിസ്റ്റുമാരെ നിയമിച്ചു. ഡിജിറ്റൽ ഫയലിങ് നടപ്പാക്കിയ സർവകലാശാലയിൽ പരമാവധി പ്യൂൺ നിയമനം നടത്തിയതും അടുത്തിടെ. നിയമനത്തിൽ പല സിൻഡിക്കേറ്റംഗങ്ങളുടെയും കീശ വീർത്തെന്ന് അങ്ങാടിപ്പാട്ട്. സി.എച്ച് സ്വപ്നം കണ്ട നിലവാരത്തിലേക്ക് സർവകലാശാലയെ ഉയർത്തിക്കൊണ്ടുവരാൻ പിൻഗാമികൾക്കും വലിയ താൽപര്യമൊന്നുമില്ലെന്നർഥം.
ആരെ നിയമിച്ചാലും കേസ്
സർവകലാശാലയിലെ ഭൂരിപക്ഷം നിയമനങ്ങൾക്കും കേസുണ്ട്. ആരെ നിയമിച്ചാലും കേസ് വരും. നിയമിക്കാൻ ഒരുങ്ങിയാലും കേസ് വരും. അതിനു ഒരുപാട് പേരെ അവിടത്തെ യൂനിയനുകൾ തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. അധ്യാപക നിയമനത്തിന് മുൻ വി.സി ഡോ. എം. അബ്ദുസ്സലാം സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പ് വിജ്ഞാപനമിറക്കി. 1000 രൂപ ഫീസടച്ച് ഒേട്ടറെ പേർ അപേക്ഷിച്ചു. സംവരണ തത്ത്വം പാലിക്കാതെയാണ് വിജ്ഞാപനമെന്ന് ചൂണ്ടിക്കാട്ടി ഇടതു അധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചു. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്നുകണ്ട് കോടതി വിജ്ഞാപനം റദ്ദാക്കി. പിന്നീട് അധ്യാപകനിയമനത്തിന് ആരും ശ്രമിച്ചില്ല. ഉദ്യോഗാർഥികളുടെ ഫീസും അധ്വാനവും നഷ്ടം. നിയമനം നേടിയവരും വല്ലാത്ത അവസ്ഥയിലാണ് ജോലി ചെയ്യുന്നതെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു. കോടതി ചെലവിലേക്ക് പണപ്പിരിവുണ്ടാകും. സുപ്രീം കോടതി വരെ മിക്ക നിയമനകേസുകളുമെത്തും. നിയമനം നേടുന്നവരുടെ കൊടിനിറവും പ്രധാനം. ഇഖ്ബാൽ ഹസനൈൻ വി.സിയായിരിക്കെ നിയമനം നേടിയ അധ്യാപകരിൽ ചിലർ രാഷ്ട്രീയ വടംവലി കാരണം ജോലി വിട്ടു. അല്ലാത്തവർ പിരിച്ചുവിടൽ ഭീഷണി നേരിട്ടു. അതിേപ്പാഴും തുടരുന്നു.
ഗവേഷണവും പാരയും
ഗവേഷണരംഗത്ത് 50 വർഷത്തിനിടെ വലിയ മുന്നേറ്റം നേടാൻ കാലിക്കറ്റിനായി. പ്രത്യേകിച്ചും ശാസ്ത്ര വിഷയങ്ങളിൽ. ഒരധ്യാപകന് ഒരു പ്രോജക്ട് എന്ന മുൻ വി.സിയുടെ നിർദേശം വലിയ ഗുണം സൃഷ്ടിച്ചു. ഗവേഷണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഡയറക്ടറേറ്റ് ഒാഫ് റിസർച് എന്ന വിഭാഗവും മുതൽക്കൂട്ടായി. സയൻസ് വിഷയങ്ങളിലെ ഗവേഷണത്തിനായി സെൻട്രൽ ഇൻസ്ട്രുമെേൻറഷൻ ഫെസിലിറ്റി കേന്ദ്രം സ്ഥാപിച്ചതും വലിയ നേട്ടമായി. ഇതിനകം 25 കോടി കേന്ദ്രത്തിനായി ചെലവഴിച്ചു. 250 കോടിയുടെ നിർദേശം കിഫ്ബിക്കായി സമർപ്പിച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ രാജ്യത്തെതന്നെ ഏറ്റവും പ്രധാന ഗവേഷണസൗകര്യം കാലിക്കറ്റിന് കൈവരും.
എങ്കിലും ഒരുവിഭാഗം ജീവനക്കാരുടെ നിഷേധ നിലപാട് ഗവേഷണത്തിന് വിലങ്ങുതടിയാവുന്നു. അധ്യാപകർ നൽകുന്ന പ്രപോസലുകളിൽ ഇല്ലാത്ത സാേങ്കതികത്വങ്ങൾ പറഞ്ഞ് ഫയലിൽ കുറിപ്പെഴുതും. പല ഒാഫിസുകൾ കയറിയിറങ്ങി ഗവേഷക ഗൈഡുകൾ പദ്ധതി വേണ്ടെന്നുവെക്കുകയാണ് പതിവ്. കെമിക്കൽ വാങ്ങുന്നതിന് ക്വേട്ടഷൻ സ്വീകരിക്കുന്നതുപോലുള്ള നിസ്സാര കാര്യങ്ങളിൽപോലും ജീവനക്കാർ തുരങ്കം വെക്കും. ഇക്കാരണത്താൽ പാതിവഴിയിൽ ഗവേഷണം നിർത്തിയ സംഭവമുണ്ടായിട്ടുണ്ടെന്ന് സ്കൂൾ ഒാഫ് സയൻസിലെ മുതിർന്ന പ്രഫസർ പറഞ്ഞു. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിന് സ്ഥാപിച്ച ഡയറക്ടറേറ്റും മറ്റൊരു കടമ്പയാണ്. അധ്യാപകരുടെ ഫയലുകൾ എങ്ങനെ വൈകിപ്പിക്കാമെന്ന് കരുതുന്ന ചില ജീവനക്കാർ തന്നെ കാലിക്കറ്റിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
(സാധ്യതകൾ നിരവധിയുണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താൻ കഴിയാത്തതിെൻറ ദൃഷ്ടാന്തങ്ങൾ നിരവധിയാണ്.–അതേപ്പറ്റി നാളെ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.