`സംവരണ നിയമം പാലിച്ച് ദലിത് ഉദ്യോഗാർഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിയമനം നൽകുക'; ഒക്ടോബർ 26 നു സമരവും സമരപ്രഖ്യാപനവും
text_fieldsകോഴിക്കോട്: സംവരണ മാനദണ്ഡപ്രകാരം ദലിത് ഉദ്യോഗാർഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 26 നു ആദിവാസി, ദലിത് ഗവേഷക-വിദ്യാർഥി സമരവും അനിശ്ചിതകാല സമരപ്രഖ്യാപനവും നടക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021 ൽ പുറപ്പെടുവിച്ച അസി. പ്രഫ. റാങ്ക് ലിസ്റ്റിൽ യൂണിവേഴ്സിറ്റി സംവരണക്രമം അട്ടിമറിച്ചത് മൂലം നിയമനം ലഭിക്കാതെ പുറത്തായവരാണ് ഡോ. ടി.എസ്. ശ്യാംകുമാർ, ഡോ. താര, ഡോ. സുരേഷ് പുത്തൻ പറമ്പിൽ എന്നിവർ. സംവരണ മാനദണ്ഡ പ്രകാരവും കെ.എസ് ആൻഡ് എസ്.എസ്.ആർ റൂൾ അനുസരിച്ചും നാല്,12, 24,32,52 എന്ന ക്രമത്തിലാണ് എസ്.സി./എസ്.ടി. സംവരണം നടപ്പിലാക്കേണ്ടത്. എന്നാൽ, യൂണിവേഴ്സിറ്റി ഈ സംവരണക്രമം സമ്പൂർണമായി അട്ടിമറിച്ചതിനാൽ മലയാളം വിഭാഗത്തിൽ നാലമതായി വരേണ്ട ഡോ.താരക്കും 24 മതായി വരേണ്ട ഡോ.സുരേഷിനും സംസ്കൃത വിഭാഗത്തിൽ 32 മതായി വരേണ്ട ഡോ. ടി.എസ്. ശ്യാംകുമാറിനും നിയമനം ലഭിച്ചില്ല.
യൂണിവേഴ്സിറ്റി എസ്.സി/എസ്.ടി സംവരണ മാനദണ്ഡം അട്ടിമറിച്ചതിലൂടെയാണ് ഇവരുടെ നിയമനം ഇല്ലാതായത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഈ വിഷയം പരിശോധിക്കുകയും യൂണിവേഴ്സിറ്റി സംവരണം അട്ടിമറിച്ചതായി കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷൻ പുന:ക്രമീകരിച്ച് ഒരു മാസത്തിനകം അസി. പ്രഫ തസ്തികയിൽ ഡോ. ശ്യാംകുമാർ, ഡോ. താര, ഡോ. സുരേഷ് എന്നിവരെ നിയമിക്കാൻ 2023 സെപ്റ്റംബർ ഒൻപതിനു കമ്മീഷൻ ഉത്തരവിട്ടിരിക്കുകയാണ്. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും ഇതിൻമേൽ യാതൊരു നടപടിയും യൂണിവേഴ്‌സിറ്റി സ്വീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയുടെയും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഉത്തരവിെൻറയും അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡപ്രകാരം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ദലിത് ഉദ്യോഗാർഥികൾക്ക് ഉടൻ നിയമനം നൽകുക, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിലവിലുള്ള ഏഴ് പട്ടികജാതി ബാക്ക്‌ലോഗിൽ അടിയന്തിരമായി നിയമനം നടത്തുക, യു.ജി.സി മാനദണ്ഡം പ്രകാരം യൂണിവേഴ്‌സിറ്റി നിയമന അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ സംവരണക്രമം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 26 നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് മുൻപിൽ ദലിത് സമുദായ മുന്നണി, എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി, എൻലൈറ്റൻഡ് യൂത്ത് മൂവ്മെൻറ്, ബ്ലാക് സ്കിൻ, ദലിത് ആദിവാസി ഗവേഷക കൂട്ടായ്മ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രുപീകരിച്ച ഫോറം ഫോർ സോഷ്യൽ ജസ്റ്റിസിെൻറ നേതൃത്വത്തിൽ കേരളത്തിലെ ദലിത്-ആദിവാസി ഗവേഷകരെയും വിദ്യാർഥികളെയും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരെയും ഏകോപിപ്പിച്ചു കൊണ്ട് ഏകദിന സമരവും അനിശ്ചിതകാല സമര പ്രഖ്യാപനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.