കാലിക്കറ്റ് സർവകലാശാല ബഷീർ ചെയറിൽ നിന്ന് ഡോ. പി.കെ. പോക്കറെ മാറ്റി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ വൈക്കം മുഹമ്മദ് ബഷീർ ചെയറിന്‍റെ വിസിറ്റിങ് പ്രഫസർ സ്ഥാനത്തു നിന്ന് ഡോ. പി.കെ. പോക്കറെ മാറ്റി. ഡോ. പി.പി. രവീന്ദ്രനാണ് പുതിയ ചുമതല. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
മൂന്ന് വർഷ കാലാവധി കഴിഞ്ഞപ്പോൾ സ്ഥാനത്തുനിന്ന് മാറ്റിയെന്നാണ് സർവകലാശാല വിശദീകരണം. എന്നാൽ, മുൻകാലങ്ങളിൽ വിവിധ ചെയറുകളുടെ ചുമതലയുള്ളവർക്ക് ഏഴ് വർഷം വരെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്.
ഇടതു ചിന്തകനായ പി.കെ. പോക്കർ, സർവകലാശാലകളിലെ സംവരണ വിരുദ്ധതയെ കുറിച്ച് ഡോ. കെ.എസ്. മാധവനുമായി ചേർന്ന് 'മാധ്യമ'ത്തിൽ ലേഖനമെഴുതിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് സർവകലാശാലക്കും ഇടത് സിൻഡിക്കേറ്റിനും ഇദ്ദേഹത്തോട് നീരസമുണ്ടായിരുന്നു. ഇതാണ് കാലാവധി നീട്ടാതെ ബഷീർ ചെയറിൽ പകരം ആളെ നിയമിക്കാൻ കാരണമായതെന്ന് സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, കാലാവധി നീട്ടാൻ അപേക്ഷിച്ചിരുന്നില്ലെന്ന് ഡോ. പി.കെ. പോക്കർ പറഞ്ഞു.
സംവരണ വിരുദ്ധതക്കെതിരായ 'മാധ്യമം' ലേഖനത്തെ തുടർന്ന് ദലിത് ചിന്തകനും പ്രഭാഷകനുമായ ഡോ. കെ.എസ്. മാധവന് കാലിക്കറ്റ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനോടും ഡോ. പി.കെ. പോക്കർ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. ഇന്ത്യയിലും ലോകത്താകെയും അക്കാദമിക പ്രവർത്തകർ സാമൂഹിക നീതിക്കും ഉൾകൊള്ളൽ നയത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ എഴുത്തിന്‍റെ പേരിലുള്ള പ്രതികാരനടപടി ലജ്ജാകരമാണെന്ന് പി.കെ. പോക്കർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.