കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ എസ്.എഫ്.ഐക്ക്
text_fieldsതേഞ്ഞിപ്പലം: കോവിഡ് തീര്‍ത്ത പ്രതിസന്ധിക്കൊടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ജയം. സര്‍വകലാശാല സെനറ്റ് ഹാളില്‍ ബുധനാഴ്ച ശക്തമായ പൊലീസ് കാവലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വകലാശാല പഠനവിഭാഗം വിദ്യാർഥി ടി. സ്‌നേഹ (ചെയർപേഴ്സന്‍), വടക്കാഞ്ചേരി ശ്രീവാസ എന്‍.എസ്.എസ് കോളജിലെ ടി.എ. മുഹമ്മദ് അഷ്‌റഫ് (ജനറൽ സെക്രട്ടറി), പാലക്കാട് മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ എസ്.ആര്‍. അശ്വിന്‍ (വൈസ് ചെയര്‍മാന്‍), വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ വി.എം. ശ്രുതി (വൈസ് ചെയര്‍പേഴ്‌സൻ), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വി.ടി.ബി കോളജിലെ ഡി. അജയ് (ജോ. സെക്രട്ടറി) എന്നിവരാണ് എസ്.എഫ്.ഐ പാനലില്‍ മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ല നിര്‍വാഹക സമിതിയംഗങ്ങളായി പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ സച്ചിന്‍ എസ്. കുമാര്‍ (പാലക്കാട്), ചേളന്നൂര്‍ എസ്.എന്‍.ജി കോളജിലെ കെ. ഗായത്രി (കോഴിക്കോട്), തൃശൂര്‍ കേരളവര്‍മ്മ കോളജിലെ മൃദുല്‍ മദുസൂദനന്‍ (തൃശൂർ), സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജിലെ പി.എസ്. ഷാഹിദ് (വയനാട്) എന്നിവരും എസ്.എഫ്.ഐ പാനലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എസ്.എഫ് പ്രതിനിധിയും ചേലേമ്പ്ര ദേവകിയമ്മ കോളജ് വിദ്യാർഥിയുമായ സിഫ്‌വയാണ് മലപ്പുറം നിര്‍വാഹക സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
എം.എസ്.എഫ് പ്രതിനിധികളായ 25 യു.യു.സിമാരുടെ വോട്ടുകള്‍ ഹൈകോടതി നിര്‍ദേശ പ്രകാരം മറ്റ് യു.യു.സിമാരുടെ വോട്ടുകള്‍ക്കൊപ്പം തന്നെ എണ്ണി. കോടതി വിധി കാത്തിരുന്നതിനാല്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ വൈകീട്ട് 4.45ഓടെയാണ് ആരംഭിച്ചത്. വോട്ടെണ്ണല്‍ ഏറെ വൈകി തുടങ്ങിയെങ്കിലും റീ കൗണ്ടിങ് ആവശ്യം ഉയര്‍ന്നതോടെ ഫലപ്രഖ്യാപനം രാത്രി 11.30 വരെ നീണ്ടു.
സര്‍വകലാശാല സെനറ്റ് ഹൗസില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ വരണാധികാരിയായ സര്‍വകലാശാല വിദ്യാർഥി ക്ഷേമവിഭാഗം മേധാവിയുടെ ചുമതല വഹിക്കുന്ന ഡോ. സി.കെ. ജിഷയുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാല കാമ്പസിലും തേഞ്ഞിപ്പലം ദേശീയപാതയിലും ആഹ്ലാദ പ്രകടനം നടത്തി.
യൂനിയന്‍ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടതോടെ സര്‍വകലാശാലക്ക് കീഴിലെ കോളജ് വിദ്യാർഥികളുടെ കലാകായിക മത്സരങ്ങള്‍ നടത്തുന്നതിന് വഴിയൊരുങ്ങി. വിദ്യാർഥികളുടെ ഗ്രേസ് മാര്‍ക്ക് കാര്യത്തിലും ഇതോടെ പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.