കാലിക്കറ്റ്: പുനസംഘടിപ്പിച്ച ഫാക്കല്‍റ്റി പട്ടിക അഴിച്ചുപണിയും
text_fieldsതേഞ്ഞിപ്പലം: ഇടത് അധ്യാപക സംഘടനകളുടെ പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഫാക്കല്‍റ്റികളില്‍ അഴിച്ചുപണി വരും. 14 ഫാക്കല്‍റ്റികളിലെയും അംഗങ്ങളില്‍ കാര്യമായ മാറ്റംവരുത്താനാണ് സാധ്യത. ഇതുസംബന്ധിച്ച് പഠിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, പി. വിശ്വനാഥ്, ഡോ. ടി.പി. അഹമ്മദ്, അഡ്വ. പി.എം. നിയാസ് എന്നിവരാണ് ഉപസമിതിയംഗങ്ങള്‍. ഫാക്കല്‍റ്റി അംഗങ്ങളെ വൈസ് ചാന്‍സലര്‍ ഏകപക്ഷീയമായി നിശ്ചയിച്ചതാണെന്ന ഇടതു അധ്യാപക സംഘടനകളുടെ പരാതിയിലാണ് ഉപസമിതിയെ നിശ്ചയിച്ചത്.
ഒക്ടോബര്‍ 28നാണ് 14 ഫാക്കല്‍റ്റികളിലെയും അംഗങ്ങളെ നിശ്ചയിച്ച് ഉത്തരവിറക്കിയത്. അതത് ഫാക്കല്‍റ്റിക്കുകീഴിലെ പഠനബോര്‍ഡ് അംഗങ്ങള്‍ക്കുപുറമെ നാമനിര്‍ദേശം ചെയ്ത പത്തോളം പേരെ കുറിച്ചാണ് പരാതിയുയര്‍ന്നത്. സിന്‍ഡിക്കേറ്ററിയാതെ വി.സി സ്വന്തം നിലക്കാണ് പേരുകള്‍ നാമനിര്‍ദേശം ചെയ്തതെന്നാണ് ഇടതു അധ്യാപക സംഘടനകള്‍ പരാതിപ്പെട്ടത്.
അധ്യാപന രംഗത്ത് കാര്യമായ പരിചയമില്ലാത്തവരെയും ഉള്‍പ്പെടുത്തിയെന്നും ആക്ഷേപമുയര്‍ന്നു. എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ആക്ട് എന്നീ ഇടതു അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടതുസംഘടനകള്‍ വി.സിക്കെതിരെ രംഗത്തുവന്നതോടെയാണ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്.
ചാന്‍സലറായ ഗവര്‍ണറാണ് ഫാക്കല്‍റ്റി ഡീന്മാരെ നിയമിച്ചത്. ഇതില്‍ മാറ്റംവരുത്താന്‍ കഴിയാത്തതിനാല്‍ പട്ടികയിലെ അംഗങ്ങളെയാണ് ഉപസമിതി മാറ്റാന്‍ ഒരുങ്ങുന്നത്. മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനയായ സി.കെ.സി.ടിക്കും ഫാക്കല്‍റ്റി പുന$സംഘടനയില്‍ അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.