ശമ്പള പരിഷ്കരണ കുടിശ്ശിക: കാലിക്കറ്റില്‍ 30കോടി വകമാറ്റുന്നു
text_fieldsകോഴിക്കോട്: ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക തീര്‍ക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സ്വന്തം ഫണ്ട് വകമാറ്റുന്നു. സര്‍ക്കാറില്‍നിന്ന് പദ്ധതി വിഹിതമായി ലഭിക്കേണ്ട തുകക്കുപകരം സര്‍വകലാശാലയുടെ സ്ഥിര നിക്ഷേപമായ 30കോടിയാണ് ജീവനക്കാര്‍ക്കായി മാറ്റുന്നത്. സര്‍വകലാശാലാ സ്റ്റാറ്റ്യൂട്ടറി ഫിനാന്‍സ് സമിതിയുടേതാണ് തീരുമാനം.
ജീവനക്കാരുടെ കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്യുന്നതിനു മുമ്പാണ് തിരക്കിട്ട നീക്കം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്ന് കാത്തിരിക്കാതെ കൈയിലുള്ള പണം വകമാറ്റുന്നതില്‍ സിന്‍ഡിക്കേറ്റില്‍ കടുത്ത എതിര്‍പ്പുണ്ട്. ഫിനാന്‍സ് സ്റ്റാറ്റ്യൂട്ടറി സമിതി അംഗീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ ചട്ടപ്രകാരമുള്ള തീരുമാനമേ പാടുള്ളൂവെന്നാണ് സിന്‍ഡിക്കേറ്റ് നിലപാട്. ഒക്ടോബര്‍ 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും.
പത്താം ശമ്പള കമീഷന്‍ ശിപാര്‍ശ പ്രകാരം 2014 ജൂലൈ ഒന്നുമുതലുള്ള കുടിശ്ശികയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. വിരമിച്ചവര്‍ക്കുള്ള ഗ്രാറ്റ്വിറ്റി, പെന്‍ഷന്‍, ശമ്പള കുടിശ്ശിക തുടങ്ങിയയിനത്തില്‍ ഏകദേശം 30കോടിയാണ് കാലിക്കറ്റില്‍ ഇതിനു വേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശ്ശിക 2017 മാര്‍ച്ച് മുതല്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. സര്‍വകലാശാലാ ജീവനക്കാരുടെ ശമ്പളവും കുടിശ്ശികയും സംബന്ധിച്ച് ധനവകുപ്പ് വേറെതന്നെ ഉത്തരവിറക്കിയിട്ടുണ്ട്. കുടിശ്ശികയുടെ കാര്യത്തില്‍ സര്‍വകലാശാലകള്‍ക്ക് വേണമെങ്കില്‍ സ്വയം തീരുമാനമെടുക്കാമെന്നാണ് ധനവകുപ്പ് ഇറക്കിയ ഉത്തരവ്. ഇതിന്‍െറ ചുവടുപിടിച്ചാണ് ജീവനക്കാരുടെ കുടിശ്ശിക സ്വന്തം ഫണ്ടുപയോഗിച്ച് തീര്‍ക്കാമെന്ന നിലപാട് സ്വീകരിച്ചത്. സ്ഥിര നിക്ഷേപമായുള്ള 36കോടിയില്‍നിന്ന് 30 കോടി വകമാറ്റിയാലും ധനസ്ഥിതിയെ ബാധിക്കില്ളെന്നാണ് ഫിനാന്‍സ് സമിതിയുടെ വിലയിരുത്തല്‍.
ശമ്പളം, പെന്‍ഷന്‍, വൈദ്യുതി, ഫോണ്‍ ബില്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പദ്ധതി വിഹിതമായി സര്‍ക്കാറാണ് സര്‍വകലാശാലക്ക് ഫണ്ട് നല്‍കുന്നത്. വിവിധ ഫീസുകള്‍, സ്വാശ്രയ കോഴ്സുകള്‍ തുടങ്ങിയയിനത്തില്‍ ലഭിക്കുന്നതാണ് സര്‍വകലാശാലയുടെ സ്വന്തം ഫണ്ട്. പദ്ധതിയിതര ഇനത്തില്‍ ലഭിക്കുന്ന ഈ തുക ശമ്പളം പോലുള്ള കാര്യത്തില്‍ പൊതുവെ ഉപയോഗിക്കാറില്ല. ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ മുന്‍കാലങ്ങളിലും സ്വന്തം ഫണ്ട് വകമാറ്റിയെങ്കിലും ഇത്രയുമധികം തുക ചെലവഴിക്കുന്നത് ആദ്യമാണ്.
അതേസമയം, അധ്യാപകരാണ് എതിര്‍പ്പിനു പിന്നിലെന്നാണ് ജീവനക്കാരുടെ പരാതി. സര്‍ക്കാറിന്‍െറ ഉന്നത വിദ്യാഭ്യാസ-ധനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാണ് കുടിശ്ശിക തീര്‍ക്കാന്‍ സ്വന്തം ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ സമാന രീതി സ്വീകരിച്ചിട്ടുണ്ടെന്നും സ്റ്റാറ്റ്യൂട്ടറി ഫിനാന്‍സ് കമ്മിറ്റിയംഗം കൂടിയായ സിന്‍ഡിക്കേറ്റംഗം കെ. വിശ്വനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.