കാലിക്കറ്റ് വി.സി പുറത്താകുന്നത് നാലുമാസത്തെ കാലാവധി ബാക്കിനില്‍ക്കെ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പദവിയില്‍നിന്ന് പുറത്താക്കപ്പെടുന്നത് നാലുമാസത്തെ ഔദ്യോഗിക കാലയളവ് ബാക്കിനില്‍ക്കെ. ജൂലൈ 12നാണ് കാലാവധി അവസാനിക്കുന്നത്. ഇതോടെ പ്രോ വൈസ് ചാന്‍സലറുടെ നിലനില്പും തുലാസിലായി.
യു.ജി.സി നിയമപ്രകാരം വി.സി മാറിയാല്‍ പി.വി.സിയും ഒഴിയേണ്ടിവരും. തൃശൂര്‍ സ്വദേശിയായ ഡോ. എം.കെ. ജയരാജ് 2020 ജൂലൈ 12നാണ് കാലിക്കറ്റ് വി.സിയായത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ചാന്‍സലറുടെ ഉത്തരവിനെതിരെ വി.സിക്ക് ഹൈകോടതിയില്‍ 10 ദിവസത്തിനകം അപ്പീല്‍ നല്‍കാം. അതുവരെ പദവിയില്‍ തുടരാം. ചാന്‍സലറുടെ നടപടി മുന്നില്‍ക്കണ്ട് വി.സിമാര്‍ ഏതാനും ദിവസങ്ങളിലായി എറണാകുളത്ത് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചനയിലായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച വൈകീട്ടോടെ രാജ്ഭവനില്‍നിന്നുള്ള ഉത്തരവിറങ്ങിയത്.
വി.സി നിയമനത്തിന് യു.ജി.സി, സര്‍ക്കാര്‍, സര്‍വകലാശാല പ്രതിനിധികള്‍ ഉള്‍പ്പെട്ട പാനല്‍ രൂപവത്കരിച്ച് ചാന്‍സലര്‍ക്ക് നല്‍കണമെന്നും അതുപ്രകാരം നിയമന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ചട്ടം. പാനലില്‍ മൂന്നുപേരില്ലാത്തതിനാല് സാങ്കേതിക സര്‍വകലാശാല വി.സി സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീംകോടതി മുമ്പ് ഒഴിവാക്കിയിരുന്നു. ഈ വിധിയില്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ പാനലിലുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, കാലിക്കറ്റ് വി.സി തെരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയുമുണ്ടായിരുന്നു. ഇതാണ് ഡോ. എം.കെ. ജയരാജടക്കമുള്ളവര്ക്ക് തിരിച്ചടിയായത്.
കാലിക്കറ്റില്‍ ഏറെക്കാലമായി ഒഴിഞ്ഞുകിടന്ന അധ്യാപക തസ്തികകളില്‍ നിയമനം നടത്തിയത് ഡോ. എം.കെ. ജയരാജിന്റെ കാലത്താണ്. സംവരണം അട്ടിമറിച്ചെന്ന പരാതിയില്‍ നിലവില്‍ 20ഓളം കേസുകള്‍ കോടതിയിലുണ്ട്. ഒരു കേസില്‍ വിധി സര്‍വകലാശാലക്ക് എതിരായും വന്നു. ഇനിയും 20 കേസുകള്‍കൂടി അധ്യാപക നിയമന വിഷയത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.