മന്ത്രി ജലീലിന്റെ രാജിക്കായി മുറവിളി
text_fieldsതിരുവനന്തപുരം/ കൊച്ചി: കനത്ത മഴയും മഹാമാരിയുടെ ഭീതിയും വകവെക്കാതെ മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിഷേധം. യു.ഡി.എഫും ബി.ജെ.പിയും തെരുവിലിറങ്ങി. തിരുവനന്തപുരത്ത് യുവജന സംഘടനകളുടെ സെക്രേട്ടറിയറ്റ് മാർച്ചുകൾ അക്രമാസക്തമായി. പൊലീസ് ലാത്തിയും ഗ്രനേഡും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതോടെ സെക്രേട്ടറിയറ്റ് പരിസരം നാലുമണിക്കൂർ യുദ്ധക്കളമായി.
മഹിള കോൺഗ്രസ് സമരത്തോടെയായിരുന്നു തുടക്കം. പ്രവർത്തകർ ജലീലിെൻറ കോലം കത്തിച്ചു. യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച മാർച്ചിനുനേരെ ഏഴുതവണ ജലപീരങ്കിയും നാലുതവണ കണ്ണീര്‍വാതകവും രണ്ടുതവണ ഗ്രനേഡും പ്രയോഗിച്ചു.
സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടന്ന എ.ബി.വി.പി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെയും ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രാത്രി ബി.ജെ.പി പ്രവർത്തകർ സെക്രേട്ടറിയറ്റ് ഉപരോധിച്ചു. മലപ്പുറം ജില്ലയിൽ പരക്കെ പ്രതിഷേധം നടന്നു. വളാഞ്ചേരി കാവുംപുറത്തെ മന്ത്രിയുടെ വീടും തവനൂരിലെ ഓഫിസ് പരിസരവും പ്രതിഷേധ വേദിയായി. മന്ത്രിയുടെ വീട്ടിലേക്കുള്ള റോഡ് പൊലീസ് അടച്ചു. യൂത്ത് ലീഗ് തലയിൽ മുണ്ടിട്ട് പ്രതീകാത്മക സമരം നടത്തി. തവനൂരിലെ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസ് സത്യഗ്രഹ സമരം നടത്തി. മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗും യുവമോർച്ചയും ദേശീയപാത ഉപരോധിച്ചു.
വീണ്ടും വിളിപ്പിക്കും
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും (എൻ.െഎ.എ), കസ്റ്റംസും മന്ത്രി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഇ.ഡി വീണ്ടും വിളിപ്പിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീൽ എന്നിവരെ ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മന്ത്രി ജലീൽ നൽകിയ മറുപടികളിൽ പലതും ഇ.ഡി വിശ്വസിച്ചിട്ടില്ല. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന ബാഗേജിെൻറ മറവില്‍ സ്വര്‍ണക്കടത്തോ കറന്‍സി ഇടപാടുകളോ നടന്നതായി സംശയിക്കുന്നുണ്ട്.
മന്ത്രിക്ക് കസ്റ്റംസ് ഉടൻ നോട്ടീസ് നൽകും. വിദേശത്ത് അച്ചടിച്ച മതഗ്രന്ഥങ്ങൾ രാജ്യത്ത് വിതരണം ചെയ്യുന്നത് ദേശസുരക്ഷാവിഷയമാണെന്ന നിലപാടിലാണ് എൻ.െഎ.എ. അവരും വിശദാംശങ്ങള്‍ തേടുമെന്നാണ് വിവരം. മതഗ്രന്ഥങ്ങള്‍ വന്നതിൽ കോണ്‍സുലേറ്റിനെ സമീപിച്ചിട്ടില്ലെന്നാണ് ജലീലിെൻറ മൊഴി. കോണ്‍സുലേറ്റ് തന്നെ സമീപിക്കുകയായിരുന്നു. എന്നാൽ, മതഗ്രന്ഥങ്ങൾ എടപ്പാളിലേക്ക് കൊണ്ടുപോകുന്നതിനിടെ സി ആപ്റ്റ് വാഹനത്തിലെ ജി.പി.എസ് സംവിധാനം നിലച്ചതിലെ ദുരൂഹതയിൽ മന്ത്രിക്ക് കൃത്യമായ മറുപടി നൽകാനായില്ല. മതഗ്രന്ഥങ്ങള്‍ എത്തിച്ചതിലെ വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കോൺസൽ ജനറൽ, സ്വപ്ന, സരിത് എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളും തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.