'ഞാൻ ചാണകമല്ലേ.. മുഖ്യമന്ത്രിയെ വിളിക്കൂ..' ഇബുൾജെറ്റ് വിഷയത്തിൽ വൈറലായി സുരേഷ്ഗോപിയുടെ മറുപടി
text_fieldsതിരുവനന്തപുരം: ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും മറ്റും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രശ്നത്തിൽ ഇടപെടണമെന്ന് സുരേഷ് ഗോപിയെ വിളിച്ചവർക്ക് നടൻ നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. പെരുമ്പാവൂരിൽ നിന്ന് താരത്തെ വിളിച്ച ചിലരാണ് പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.
പ്രശ്‌നം അവതരിപ്പിച്ച വേളയിൽ സുരേഷ് ഗോപിക്ക് കാര്യം മനസ്സിലായില്ല. ഇ ബുൾജെറ്റോ എന്ന് അദ്ദേഹം ആദ്യം ചോദിച്ചു. വണ്ടി മോഡിഫൈ ചെയ്തതിനാൽ ഇ-ബുൾ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്‌തെന്നും വിഷയത്തിൽ ഇടപെടണമെന്നുമാണ് വിളിച്ചവർ ആവശ്യപ്പെട്ടത്. 'നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണ്' എന്നാണ് നടൻ മറുപടി നൽകിയത്.
സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് 'എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല. ഞാൻ ചാണകമല്ലേ. ചാണകം എന്നു കേട്ടാലേ ചിലർക്ക് അലർജിയല്ലേ' എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
നികുതി അടച്ചില്ലെന്നതടക്കം ഒൻപത് നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്ളോഗർമാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്നലെ കണ്ണൂർ ആർ.ടി.ഒ ഓഫീസിലെത്തിയ എബിനും ലിബിനും ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. കൃത്യനിർവ്വഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നിവയടക്കം ഏഴു വകുപ്പുകളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്. കണ്ണൂർ ആർ.ടി.ഒ ഓഫീസിൽ അതിക്രമിച്ച് കയറുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ കോടതി റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.