വിളിച്ചു കയറ്റാൻ അനൗൺസ്മെന്‍റ്, അഞ്ച് കാമറ; നിരത്തിലിറങ്ങി 131 ‘സൂപ്പർ’ ഫാസ്റ്റുകൾ
text_fieldsതിരുവനന്തപുരം: ‘തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് പുറപ്പെടുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് പ്ലാറ്റ് ഫോം നമ്പർ മൂന്നിൽ നിന്ന് പുറപ്പെടുന്നു’, അനൗൺസ്മെന്‍റ് ബസ് സ്റ്റാൻഡിലേതാണെന്ന് കരുതിയെങ്കിൽ തെറ്റി. കെ.എസ്.ആർ.ടി.സി പുതുതായി ഇറക്കിയ സൂപ്പർഫാസ്റ്റ് ബസിലാണ് സംവിധാനം. യാത്രക്കാരെ വിളിച്ചുകയറ്റാനുള്ള അനൗൺസ്മെന്‍റ് സൗകര്യത്തോടെയാണ് 131 പുത്തൻ ബസ് നിരത്തിലേക്കെത്തുന്നത്. ഡ്രൈവർക്കാണ് അനൗൺസ്മെന്‍റ് ചുമതല.
ബസ് സ്റ്റാൻഡുകളിൽ മാത്രമല്ല, സ്റ്റോപ്പുകളിലും ഇവ ഉപയോഗിക്കാം. പുറത്തെ ബോഡിയിലാണ് ഉച്ചഭാഷിണി. സുരക്ഷക്കായി അഞ്ച് കാമറ, എല്ലാ സീറ്റിലും ചാർജിങ് യൂനിറ്റ്, ജി.പി.എസ്, ബസിനെ നിരീക്ഷിക്കാൻ ഐ-അലർട്ട് അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്.
തൈക്കാട് പൊലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ ആന്‍റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു. 12 മീറ്ററാണ് ബസിന്‍റെ നീളം. 55 സീറ്റാണുള്ളത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ ടി.വിയുമുണ്ട്. അശോക് ലെയ്ലാൻഡ് ഷാസിയിൽ ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ബോഡി നിർമിച്ചത്. 38 ലക്ഷമാണ് ഒരു ബസിന്‍റെ വില. പ്ലാന്‍ ഫണ്ടിൽനിന്ന് 50 കോടി ചെലവിട്ടാണ് ബസ് വാങ്ങിയത്. ഇവ ചൊവ്വാഴ്ച മുതൽതന്നെ വിവിധ ഡിപ്പോകൾക്ക് നൽകിത്തുടങ്ങി.
കെ.എസ്.ആർ.ടി.സി നല്ല രീതിയിൽ അഭിവൃദ്ധിപ്പെടണമെന്നാണ് നാട് ആഗ്രഹിക്കുന്നതെന്നും ഇതിന് സർക്കാർ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ ബസുകൾ വാങ്ങിനൽകും. ഗതാഗത കമീഷണർ എസ്. ശ്രീജിത്ത്, കൗൺസിലർ മാധവദാസ്, പ്രമോജ് ശങ്കർ, ജി.പി. പ്രദീപ്കുമാർ, ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.