‘സുരേഷ് ഗോപിയെ ഏഴെട്ടു പ്രാവശ്യം വിളിച്ചുനോക്കി, അദ്ദേഹം വന്നില്ല’; ബി.ജെ.പിയിലെ ദുരനുഭവങ്ങൾ പങ്കുെവച്ച് ഭീമന്‍ രഘു
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിൽനിന്ന് രാജിവെച്ച നടൻ ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മന്ത്രി വി. ശിവൻകുട്ടിയെയും കണ്ട അദ്ദേഹം മാധ്യമപ്രവർത്തകരോട് ബി.ജെ.പിയിലായിരുന്നപ്പോൾ അനുഭവിച്ച ദുരനുഭവങ്ങളും പങ്കുവെച്ചു.
'ആദർശപരമായ വിയോജിപ്പ് കാരണമാണ് ബി.ജെ.പി വിട്ടത്. ചിന്തിക്കാൻ കഴിയുന്നവർക്ക് അവിടെ പ്രവർത്തിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. വിജയിക്കാൻ വേണ്ടിയല്ല ഞാൻ സത്യത്തിൽ അതിനകത്ത് വന്നത്. പക്ഷെ നമുക്കുള്ള കഴിവുകളെ കാണിക്കാൻ ഒരവസരം അവർ തരുന്നില്ല. അതാണ് അവിടെനിന്ന് മാറാനുള്ള കാരണം. 2016ലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയിൽനിന്ന് ഒരുപാട് മാനസിക പ്രയാസങ്ങൾ അനുഭവിച്ചു.
ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹൻലാൽ, പ്രിയദർശൻ...അങ്ങനെ ഒരുപാടാളുകൾ വന്നു. അന്ന് ഞാൻ ആദ്യം സന്തോഷിച്ചു. എനിക്കും ഒരാളുണ്ടല്ലോ, സിനിമാ മേഖലയിൽനിന്ന് -സുരേഷ് ഗോപി. അദ്ദേഹത്തെ ഏഴെട്ടു പ്രാവശ്യം വിളിച്ചു. എപ്പോഴും അദ്ദേഹത്തിന്റെ പി.എ ആണെടുത്തത്. അദ്ദേഹം ഭയങ്കര തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്. ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ച് ഒരുതവണ കൂടി വിളിച്ചു. അപ്പോൾ സുരേഷ് ഗോപിയെടുത്ത് സംസാരിച്ചു. ‘സുരേഷേ, ഇവിടുത്തെ ബഹളങ്ങളൊക്കെ കേൾക്കുന്നില്ലേ, ഒരു ദിവസമെങ്കിലും പത്തനാപുരത്ത് എത്താമോ’ എന്നു ചോദിച്ചു. എന്നാൽ, പ്രധാനമന്ത്രിക്കൊപ്പം മറ്റു പ്രചാരണ ചുമതലകൾ ഏറ്റതിനാൽ വരാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’, ഭീമൻ രഘു പറഞ്ഞു.
നേതൃത്വവുമായുള്ള ഭിന്നത കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. സി.പി.എം നേതൃത്വത്തോട് ഇതുസംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. നേരത്തെ സംവിധായകൻ രാജസേനനും ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.