അപേക്ഷ നൽകുന്നവരെ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങൽ: ആലപ്പുഴ പള്ളിപ്പാട് മുൻ വില്ലേജ് ഓഫിസറെ സസ്പെന്റ് ചെയ്തു
text_fieldsകോഴിക്കോട് : ആലപ്പുഴ പള്ളിപ്പാട് മുൻ വില്ലേജ് ഓഫിസർ സജു വർഗീസിനെ സസ്പെന്റ് ചെയ്തു. ഉഷ.എൻ.നായർ റവന്യൂ മന്ത്രിക്ക് നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ കൈക്കൂലി വാങ്ങാൻ ഉദ്ദേശിച്ച് അപേക്ഷകൾ കൈവശം വച്ച് കക്ഷികളെ വിളിച്ചു വരുത്തുന്നതായി കണ്ടെത്തി. നിരവധി അപേക്ഷകൾ സീനിയോറിറ്റി മറികടന്നു തീർപ്പാക്കിയതായും പരിശോധനയിൽ വ്യക്തമായി.
റവന്യ വകുപ്പിന് പൊതുവെയും വിശേഷിച്ച് പള്ളിപ്പാട് വില്ലേജ് ഓഫീസിന് പൊതുജനങ്ങൾക്കിടയിൽ അങ്ങേയറ്റം അവമതിപ്പുണ്ടാക്കുന്ന തരത്തിൽ നിരുത്തരവാദപരമായ രീതിയിൽ പെരുമാറുന്നതായും, സേവനങ്ങൾക്ക് പ്രതിഫലം കൈപ്പറ്റുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ആറാട്ടുപുഴ വില്ലേജ് ഓഫീസറാണ് സജു വർഗിസ്.
ഉഷ.എൻ.നായർ പള്ളിപ്പാട് വില്ലേജിലെ സർവേ 538/11-4 ൽ നിലവിലുള്ള 50 സെൻറ് ഭൂമിയുടെ തരം മാറ്റുന്നതിന് ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് 2023 മെയ് ആറിന് അപേക്ഷ നൽകിയിരുന്നു. ഈ ഭൂമിയുടെ തരം മാറ്റവുമായി ബന്ധപ്പെട്ട് ആദ്യഘട്ടമായ സ്വഭാവ വ്യതിയാനം വരുത്തുന്നതിനായി ഈ അപേക്ഷ ആർ.ഡി.ഒ, പള്ളിപ്പാട് വില്ലേജ് ഓഫീസിലേക്ക് 2023 മെയ് 18ന് നൽകി.
തുടർനടപടി സ്വീകരിച്ചില്ലായെന്നും ഈ അപേക്ഷ സമർപ്പിച്ചതിന് ശേഷം സമർപ്പിച്ച നിരവധി അപേക്ഷകളിൽ നടപടി സ്വീകരിച്ചതായും തന്റെ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉഷ.എൻ.നായർ റവന്യൂ വകുപ്പ് മന്ത്രി ക്ക് 2024 സെപ്തംബർ 10ന് പരാതി നൽകി. ഇത് സംബന്ധിച്ച് സംസ്ഥാനതല ഇൻസ്പെക്ഷൻ സ്ക്വാഡ് വില്ലേജ് ഓഫീസിൽ ഒക്ടോബർ നാലിന് നടത്തിയ മിന്നൽ പരിശോധനയിലാണ് വില്ലേജ് ഓഫിസറുടെ അഴിമതി വ്യാക്തമായത്.
പരിശോധനയിൽ, വില്ലേജ് ഓഫീസറുടെ പ്രവർത്തനം നിരുത്തരവാദപരമായ രീതിയിലാണെന്ന് കണ്ടെത്തി. റെലിസ്, ഇ-ജില്ല പോർട്ടലുകൾ വഴിയുള്ള സേവനങ്ങൾ കൈകാര്യം ചെയ്യുന്നത് സജു വർഗീസിന് അറിയില്ല. അതിനാൽ ഡിജിറ്റൽ സിഗ്നേച്ചർ പോലും സ്പെഷ്യൽ വില്ലേജ് ഓഫീസർക്ക് കൈമാറി. ഫയലുകളിലും അപേക്ഷകളിലും സമയബന്ധിതമായി തിർപ്പ് കൽപ്പിക്കാത്തതിനാൽ പൊതുജനങ്ങളുടെ പരാതിയും അധിക്ഷേപവും ധാരാളം ഉണ്ടായി.
നിരവധി അപേക്ഷകൾ സീനിയോറിറ്റി മറികടന്നു തീർപ്പാക്കിയെന്നും പരിശോധനയിൽ കണ്ടെത്തി. വില്ലേജിൽ സൂക്ഷിച്ചിരുന്ന അപേക്ഷാ രജിസ്റ്ററിൽ 14 അപേക്ഷകൾ ലഭിച്ചതിന് തെളിവായി അപേക്ഷാ നമ്പർ മാത്രം രേഖപ്പെടുത്തിയിരുന്നു. സജു വർഗീസ് അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസിൽ പരിശോധന നടത്തിയിട്ടും അവ കണ്ടെത്തിയിട്ടില്ല. ഈ അപേക്ഷകൾ വില്ലേജ് ഓഫിസറുടെ കൈവശം സൂക്ഷിച്ച് കക്ഷികളെ വിളിച്ചു വരുത്തി അപേക്ഷ തീർപ്പാക്കുന്നതിന് പ്രതിഫലം ആവശ്യപ്പെടാൻ വേണ്ടിയാണെന്നും തെളിഞ്ഞു.
നിശ്ചിത തീയതിക്കുള്ളിൽ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാമെന്ന് അന്വേഷണ വേളയിൽ സജു വർഗീസ് അറിയിച്ചുവെങ്കിലും അവ നാളിതുവരെ ഹാജരാക്കിയിട്ടില്ല. സജു വർഗീസ് ചുമതലയേറ്റ ശേഷം വില്ലേജ് വികസന സമിതിയും കൂടിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യത്തിൽ പള്ളിപ്പാട് വില്ലേജിലെ മറ്റ് ജീവനക്കാർ തന്നെ വില്ലേജ് ഓഫിസർക്കെതിരെ മൊഴിയിൽ നൽകി.
ഉഷ എൻ. നായർ അപേക്ഷ സമർപ്പിച്ച തീയതിക്ക് ശേഷം സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ വില്ലേജ് ഓഫീസർ തരം മാറ്റം അനുവദിച്ചുവെന്ന് പരിശോധനാ വേളയിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പരാതിക്കാരി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോർട്ടൽ പരിശോധിച്ചപ്പോൾ തരംമാറ്റം, പോക്കുവരവ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ പകർപ്പ് എന്നിവക്കായുള്ള നിരവധി അപേക്ഷകൾ ക്രമാതീതമായ അളവിൽ തീർപ്പാക്കാതെ അവശേഷിക്കുന്നതായും കണ്ടെത്തി.
ഭൂമി തരംമാറ്റം അനുവദിക്കുന്നതിൽ സീനിയോറിറ്റി ലംഘനം നടന്നുവെന്നും അന്വേഷണത്തിൽ ബോധ്യമായി. അപേക്ഷാ നമ്പർ രേഖപ്പെടുത്തിയ ശേഷം അപേക്ഷകൾ വില്ലേജ് ഓഫീസർ കൈവശം വച്ചത് ദുരുദ്ദേശപരമായ നടപടിയാണെന്ന് വ്യക്തമായി. അതിനാലാണ് വില്ലേജ് ഓഫിസർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.