കാവലാളായി എത്തി; കണ്ണീരണിയിച്ച് മടക്കം
text_fieldsആമ്പല്ലൂർ/ മാനന്തവാടി:: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആര്‍.ആര്‍.ടി വാച്ചറുടെ മരണം നാടിന്റെ നൊമ്പരമായി. തോട്ടം-വനം മേഖലയായ തൃശുർ പാലപ്പിള്ളിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കാട്ടാനകളില്‍നിന്നുള്ള കാവലാളായാണ് കോഴിക്കോട് മുക്കം സ്വദേശി ഹുസൈന്‍ (32) എത്തിയത്. വയനാട്ടിലെ വിക്രം, ഭരത് എന്നീ കുങ്കി ആനകളോടൊപ്പം വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ എത്തിയ 12 അംഗ സംഘത്തിലെ ആര്‍.ആര്‍.ടി വാച്ചറായിരുന്നു.
കാടിറങ്ങി ഭീതി വിതക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാട്ടാനകളെ തുരത്താൻ ഈമാസം രണ്ടിനാണ് കുങ്കി ആന ദൗത്യ സംഘം പാലപ്പിള്ളിയില്‍ എത്തിയത്. നാലിന് കള്ളായി കുട്ടന്‍ച്ചിറ തേക്ക് തോട്ടത്തില്‍ തമ്പടിച്ചിരുന്ന ഒറ്റയാനെ കാടുകയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. ദൗത്യ സംഘത്തിനുനേരെ കാട്ടാന പാഞ്ഞടുത്തതോടെ കാലിടറിവീണ ഹുസൈനെ ആക്രമിക്കുകയായിരുന്നു.
ദൗത്യ സംഘത്തില്‍ വളരെ കാര്യപ്രാപ്തിയുള്ള വാച്ചര്‍മാരിൽ ഒരാളായിരുന്നു ഹുസൈനെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. മൃതദേഹം അങ്കമാലി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.2010ൽ താമരശ്ശേരി വനം റെയ്ഞ്ചിൽ പാമ്പ് പിടുത്തക്കാരനായാണ് വനം വകുപ്പിൽ താൽകാലിക ജീവനക്കാരനായി ഹുസൈൻ സേവനം തുടങ്ങിയത്. പിന്നീട് താമരശ്ശേരി ആർ.ആർ.ടി അംഗമായി. കഴിവ് തിരിച്ചറിഞ്ഞ വൈൽഡ് ലൈഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ 2014ൽ വയനാട് വന്യജീവി സങ്കേതം ആർ.ആർ.ടി അംഗമാക്കുകയായിരുന്നു.
അന്നുമുതൽ കേരളത്തിലെ പ്രധാന ആന, കടുവ, പുലി ആക്രമണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. ആദ്യ കുങ്കിയാനകളായ വടക്കനാട്, കല്ലൂർ കൊമ്പനാനകളെ പിടികൂടി മെരുക്കുന്നതിൽ പ്രധാന ജോലി നിർവഹിച്ചത് ഹുസൈനാണ്.മാനന്തവാടി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ കണ്ടെത്താൻ ഒരുമാസം നീണ്ട ദൗത്യത്തിലെ പ്രധാന സംഘാംഗമായിരുന്നു. ഒടുവിൽ സുൽത്താൻ ബത്തേരി മണ്ഡകമൂലയിൽ കടുവ കുഞ്ഞിനെ പിടികൂടി തള്ളക്കടുവക്കൊപ്പം വിടാൻ നിയോഗിക്കപ്പെട്ട സംഘത്തിലും നിറസാന്നിധ്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.