പത്താണ്ടിന്റെ ഇടവേളക്കു ശേഷം വന്നല്ലോ അക്ഷരമാല
text_fieldsതിരുവനന്തപുരം: 10 വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല തിരികെയെത്തുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഭാഷാമാർഗനിർദേശക വിദഗ്ധസമിതി ശിപാർശ ചെയ്ത മാതൃകയിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കേരള പാഠാവലിയുടെ രണ്ടാം ഭാഗത്തിലാണ് പ്രത്യേക പേജായി അക്ഷരമാല ഉൾപ്പെടുത്തിയത്.
സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എസ്.സി.ഇ.ആർ.ടി രൂപകൽപന ചെയ്ത പാഠപുസ്തക പേജ്, അച്ചടി ചുമതലയുള്ള കെ.ബി.പി.എസിന് കൈമാറിയിട്ടുണ്ട്. അക്ഷരമാല ഉള്ളടക്കം ചെയ്ത രണ്ടാം ഭാഗം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പുരോഗമിക്കുകയാണ്. 2012 വരെയാണ് സ്കൂൾ പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നത്.
അക്ഷരമാല ഉണ്ടായിരുന്ന രണ്ടാം ക്ലാസിലെ കേരള പാഠാവലിയിൽ 2013ൽ പാഠപുസ്തക പരിഷ്കരണം നടന്നപ്പോൾ, ഇത് ഒഴിവാക്കുകയായിരുന്നു. അക്ഷരങ്ങളിലൂടെ വാക്കുകൾ പഠിപ്പിക്കുന്ന രീതിക്ക് പകരം ആശയങ്ങളിൽ നിന്ന് അക്ഷരം പഠിക്കുക എന്ന പഠന സമ്പ്രദായം നിലവിൽ വന്നതോടെയാണ് അക്ഷരമാല പാഠപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമായത്.
സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിവയും സ്വരങ്ങളുടെ അവസാനം ബ്രാക്കറ്റിൽ പേരുനൽകി അനുസ്വാരം, വിസർഗം എന്നിവയും സഹിതം അക്ഷരമാല ഉൾപ്പെടുത്താനായിരുന്നു ഭാഷാമാർഗനിർദേശക വിദഗ്ധ സമിതി ശിപാർശ ചെയ്തത്. ഇതേ രീതിയിൽ തന്നെയാണ് അക്ഷരമാല ഉൾപ്പെടുത്തിയത്. സമിതി റിപ്പോർട്ട് അംഗീകരിച്ച് കഴിഞ്ഞ മേയ് ഒമ്പതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. പിന്നാലെയാണ് സമിതി ശിപാർശ ചെയ്ത മാതൃകയിൽ അക്ഷരമാല ഉൾപ്പെടുത്തി പാഠപുസ്തക പേജ് രൂപകൽപന ചെയ്ത് അച്ചടിക്കായി കൈമാറിയത്. പുസ്തകങ്ങൾ ഒക്ടോബറോടെ കുട്ടികളുടെ കൈകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.