കാമറ വിവാദം: പരിശോധിക്കുന്നത് 800 ഓളം രേഖകൾ
text_fieldsതിരുവനന്തപുരം: വിവാദം കത്തിപ്പടരുന്നതിനിടെ, കെൽട്രോണിന്റെ എ.ഐ കാമറ ഇടപാടുകൾ സംബന്ധിച്ച വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സർക്കാറിന് സമർപ്പിക്കും. കരാർ രേഖകളുടെ പരിശോധന നടപടികൾ അവസാന ഘട്ടത്തിലാണ്. കെൽട്രോണിന്റെ എ.ഐ കാമറ കരാറുകളിൽ ചട്ടവിരുദ്ധവും ക്രമ വിരുദ്ധവുമായ ഇടപെടലുകൾ നടന്നെന്ന ആരോപണം ശക്തമായതിനെ തുടർന്ന് വ്യവസായ മന്ത്രി പി. രാജീവാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ അന്വേഷണത്തിനായി നിയോഗിച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകളെല്ലാം വ്യവസായ സെക്രട്ടറി ശേഖരിച്ചിട്ടുണ്ട്. ഏതാണ്ട് 800 ഓളം രേഖകൾ ഇത് സംബന്ധിച്ചുണ്ടെന്നാണ് വിവരം.
രേഖകളുടെ പരിശോധനക്കൊപ്പം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പുറത്തെ ബഹളവും വിവാദങ്ങളുമെല്ലാം കണ്ട് ധിറുതിപിടിച്ച് റിപ്പോർട്ട് നൽകേണ്ടതില്ലെന്നും പകരം വിശദ പരിശോധനയുടെ വെളിച്ചത്തിൽ സമഗ്ര റിപ്പോർട്ട് നൽകണമെന്നുമാണ് സർക്കാർ നിർദേശം. ഇതനുസരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.
കരാറിൽ കെൽട്രോണിന് പാളിച്ച സംഭവിച്ചോ, ചട്ടവിരുദ്ധവും ധനവകുപ്പിന്റെ ഉത്തരവുകൾക്കും വിരുദ്ധമായി ഇടപെടലുകൾ നടന്നോ, പദ്ധതിയുടെ സാമ്പത്തിക വശം, കരാർ-ഉപകരാർ വ്യവസ്ഥകളുടെ നിയമസാധുത, ഉപകരാറുകളെടുത്ത കമ്പനികളുടെ പ്രവർത്തന പരിചയം, പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ടനുസരിച്ചായിരിക്കും എ.ഐ കാമറ വിഷയത്തിലെ സർക്കാർ നിലപാട്. വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട പലവിധ പരാതികൾ സംബന്ധിച്ച പൊതു പരിശോധനയാണത്. അതേ സമയം എ.ഐ കാമറ ഇടപാടുകൾ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യവസായ സെക്രട്ടറിയുടേത് മാത്രമാണ്.
കൂടുതൽ രേഖകൾ പുറത്തുവരുമ്പോഴും കെൽട്രോണിനെ തള്ളാതെയും കൊള്ളാതെയുമുള്ള തന്ത്രപരമായ നിലപാടാണ് സർക്കാറും വ്യവസായ വകുപ്പും സ്വീകരിക്കുന്നത്. ഇടപാട് സംബന്ധിച്ച രേഖകൾ പുറത്തുവിടണമെന്ന വ്യവസായ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് 10 രേഖകൾ കെൽട്രോൺ വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തിയിരുന്നു. ഇതിനകം പ്രതിപക്ഷ നേതാവടക്കം പുറത്തുവിട്ട രേഖകൾ തങ്ങളുടെ വിശദീകരണം സഹിതം പുറത്തുവിടുകയാണെന്ന വിമർശനവും സമാന്തരമായി ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.