ഹയർ സെക്കണ്ടറി തുല്യത പരീക്ഷയിലെ ചോദ്യം; കാരണക്കാരായ വിദ്യാഭ്യാസ വകുപ്പിലെ ആർ.എസ്.എസ് വക്താക്കൾക്കെതിരെ നടപടിയെടുക്കുക -കാംപസ് ഫ്രണ്ട്
text_fieldsകോഴിക്കോട്: ഹയർ സെക്കൻണ്ടറി തുല്യത പരീക്ഷയിലെ ന്യൂനപക്ഷ വിരുദ്ധ ചോദ്യത്തിന് കാരണക്കാരായ വിദ്യാഭ്യാസ വകുപ്പിലെ ആർ.എസ്.എസ് വക്താക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് സെബാ ഷിരീൻ. ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്നുള്ള ചോദ്യമാണ് രണ്ടാം വർഷ സോഷ്യോളജി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരുന്നത്.
ഇത്തരം ചോദ്യങ്ങൾ കടന്നുകൂടിയതിനു പിന്നിൽ ആർ.എസ്.എസ് ബാധകൂടിയ ഉദ്യോഗസ്ഥരാണ്. സാക്ഷരതാ മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. സാക്ഷരത മിഷനാണ് ചോദ്യങ്ങൾ നൽകുന്നതെന്നും പരീക്ഷ നടത്തുക എന്നുള്ളതാണ് തങ്ങളുടെ ചുമതല എന്നു പറഞ്ഞു തലയൂരനാണ് ഹയർ സെക്കണ്ടറി വകുപ്പ് ശ്രമിക്കുന്നത്.
ന്യൂനപക്ഷ വിരുദ്ധ ചോദ്യങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ന്യൂനപക്ഷ വിഭാഗങ്ങൾ രാജ്യത്തിന് ഭീഷണിയാണെന്നുള്ള ആർ.എസ്.എസ് ഭാഷ്യം സ്‌കൂൾ പരീക്ഷകളിലൂടെ കടത്താനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.
ആഭ്യന്തര വകുപ്പിലെ ആർ.എസ്.എസ് ഇടപെടലുകളെ കുറിച്ച് ഘടകകക്ഷികളിൽ നിന്ന് തന്നെ ആരോപണങ്ങൾ ഉയരുമ്പോൾ വിദ്യാഭ്യാസ വകുപ്പിലും ഇത്തരത്തിൽ ആർ.എസ്.എസ് കൈകടത്തലുകൾ ഉണ്ടാകുന്നത് അതീവ ഗൗരവകരമാണ്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും സെബാ ഷിരീൻ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.