വർഗീയതക്കെതിരെ നിലപാട് പറഞ്ഞ് കാമ്പസ് യുവത്വം
text_fieldsകൊച്ചി: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കാമ്പസ് യുവത്വം. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ ഒന്നാംവർഷ ജേണലിസം ബിരുദ വിദ്യാർഥികളാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വിദ്യാർഥി നിലപാടുകളുമായി ശ്രദ്ധേയമായത്.
വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളും ചിന്താധാരകളും പുലർത്തുമ്പോൾതന്നെ രാജ്യം മതേതരമായി നിലനിൽക്കണമെന്നതിൽ ഇവർ ഏക മനസ്സാണ്. രാജ്യത്തെ മതവത്കരിക്കാനുള്ള ഭരണകൂട നീക്കങ്ങളിലുള്ള അസ്വസ്ഥതയും ഇവർ പ്രകടമാക്കുന്നുണ്ട്. മോദി ഭരണം മതേതര വിശ്വാസികൾക്ക് ആശങ്കകൾ മാത്രമാണ് സമ്മാനിക്കുന്നതെന്നാണ് വിദ്യാർഥിക്കൂട്ടത്തിലെ റോണി ബെന്നിയുടെ അഭിപ്രായം.
വികസനകാര്യങ്ങളിൽ നേട്ടങ്ങളുണ്ടെങ്കിലും എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂടത്തിന്റെ നടപടി ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ജെയ്സൺ ജെറോമിന്റെ വാദം. രാജഭരണത്തെ ഓർമിപ്പിക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന ജെറോമിന്റെ വാദത്തെ പിന്തുണച്ച് ശ്രീഹരി രാജേഷും വിലയിരുത്തി. ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രി ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് സംഘത്തിലെ ജുംനയുടെ അഭിപ്രായം.
നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന കോൺഗ്രസ് പ്രതിനിധികൾ പിന്നീട് ബി.ജെ.പിയിൽ ചേരുകയില്ലെന്നതിന് എന്താണ് ഉറപ്പെന്നായിരുന്നു ദേവിക വിനോദിന്റെ ചോദ്യം. വ്യക്തി താൽപര്യം നോക്കാതെ രാജ്യത്തിന്റെ താൽപര്യം നോക്കിയാകണം വോട്ട് രേഖപ്പെടുത്തേണ്ടതെന്നാണ് റോണി ബെന്നി പറയുന്നത്.
യുവാക്കൾ മത്സര രംഗത്ത് കുറഞ്ഞുപോയതിന്റെ ആശങ്ക സംഘത്തിലെ ഖദീജ ഫിദ പങ്കുെവച്ചപ്പോൾ കൂട്ടത്തിലെ ഗ്രിഗർ സണ്ണി പിന്തുണയുമായെത്തി. സ്ഥാനാർഥി പട്ടികയിൽ എത്ര യുവാക്കളുണ്ടെന്നായി ഗ്രിഗറിയുടെ ചോദ്യം. എന്നാൽ, പ്രായത്തിലല്ല പക്വതയിലാണ് കാര്യമെന്നും പക്വതയുള്ള മുതിർന്നവരാണ് മത്സരരംഗത്തിറങ്ങേണ്ടതെന്ന വാദവുമായി ജെയ്സൺ ഇവരുടെ അഭിപ്രായത്തെ ഖണ്ഡിച്ചു.
മോദി ഭരണത്തിൽ എതിർപ്പുള്ളപ്പോഴും ഇൻഡ്യ മുന്നണിയിൽ പ്രതീക്ഷയില്ലെന്നാണ് ജെയ്സൺ പറയുന്നത്. വിവിധ താലപര്യങ്ങളുള്ള പാർട്ടികൾക്ക് അധികകാലം മുന്നോട്ട് പോകാൻ കഴിയില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ബി.ജെ.പിയെ തോൽപിക്കലാണ് ലക്ഷ്യമെങ്കിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിന്റെ താൽപര്യമെന്താണെന്നാണ് ദേവികയുടെ ചോദ്യം.
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന കാര്യത്തിൽ ഇവർക്കിടയിൽ തർക്കമില്ല. എന്നാൽ, ഇൻഡ്യ മുന്നണിയുടെ സാധ്യതകളെക്കുറിച്ച് ഇവർക്ക് സംശയവുമാണ്. കേരളത്തെ അപമാനിക്കാനാണ് കേരള സ്റ്റോറി സിനിമ ലക്ഷ്യം െവക്കുന്നതെന്ന കാര്യത്തിൽ വിദ്യാർഥിക്കൂട്ടത്തിന് ഏകാഭിപ്രായമാണ്.
വിദ്യാർഥികൾക്കിടയിലൊരു സ്വാധീനവും ഇത്തരം സിനിമകൾക്കുണ്ടാക്കാനാവില്ല. ഇവരാരുംതന്നെ ചിത്രം കണ്ടിട്ടുമില്ല. ഭരണവിരുദ്ധ വികാരമില്ലെങ്കിൽ സംസ്ഥാനത്ത് എൽ.ഡി.എഫ് 10 സീറ്റ് വരെ നേടിയേക്കാമെന്നാണ് അധ്യാപകനായ സുജിത്തിന്റെ അഭിപ്രായം.
മികച്ച സ്ഥാനാർഥികൾ എൽ.ഡി.എഫിന്റേതുതന്നെയാണ്. എന്നാൽ, ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ അത് മൂന്നുവരെയായി ചുരുങ്ങാമെന്നും അദ്ദേഹം വിലയിരുത്തുന്നു. വിദ്യാർഥിനികളായ വർഷ ഹെജിയും ആര്യാ കൃഷ്ണയും സംഘത്തിനൊപ്പം ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.