2022 മാർച്ച് 31ന് മുമ്പ് വിരമിച്ചവർക്ക് ഉടൻ പെൻഷൻ നൽകാനാവുമോ? - ഹൈകോടതി
text_fieldsകൊച്ചി: 2022 മാർച്ച് 31ന് മുമ്പ് വിരമിച്ച 174 ജീവനക്കാർക്ക് ഉടൻ പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാകുമോയെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈകോടതി. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകാൻ കഴിയുമോയെന്നും ആരാഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശേഷിക്കുന്നവരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ പുനഃപരിശോധന ഹരജിയിലാണ് കോടതി നിലപാട് തേടിയത്.
2001 ജനുവരി മുതൽ ഇതുവരെ 1001 ജീവനക്കാർ വിരമിച്ചെങ്കിലും 23 പേർക്ക് മാത്രമാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനായതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് കോടതി ഉത്തരവുണ്ടായത്. 978 പേർക്ക് പെൻഷൻ അനുവദിച്ചിട്ടുണ്ട്. അച്ചടക്ക നടപടി നേരിടുന്ന 2021 ഡിസംബർ 30ന് മുമ്പ് വിരമിച്ച 38 പേർക്ക് പെഷൻഷൻ ആനുകൂല്യങ്ങൾ നൽകാനുണ്ട്. കോടതിയെ സമീപിച്ച 49 പേർക്ക് മൂന്ന് മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന ഉത്തരവ് പാലിച്ചാൽ മുൻഗണന തെറ്റുമെന്നതിനാലാണ് പുനഃപരിശോധന ഹരജി നൽകിയത്. 2023 ജനുവരി വരെ വിരമിച്ച 978പേർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ 40-50 കോടി രൂപ ആവശ്യമുണ്ട്. നിലവിൽ 25,809 ജീവനക്കാരും 42,355 പെൻഷൻകാരുമാണുള്ളത്. 2017 മുതൽ സർക്കാറാണ് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി മാസം 72 കോടി വീതം പെൻഷൻ നൽകുന്നത്. കോർപറേഷൻ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും യാഥാർഥ്യം മനസ്സിലാക്കാതെ ദൈനംദിന വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ യൂനിയനുകളും ഒരുവിഭാഗം ജീവനക്കാരും ചേർന്ന് സ്ഥിരമായി തകർക്കുകയാണെന്നും ലോ ഓഫിസർ പി.എൻ. ഹേന നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാൻ സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും രണ്ട് വർഷത്തെ സാവകാശം അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പെൻഷൻകാരെ മൂന്ന് തട്ടായി തിരിച്ച് പെൻഷൻ ആനുകൂല്യങ്ങൾ നൽകുക എന്ന നിർദേശമാണ് കോടതി മുന്നോട്ട് വെച്ചത്. സത്യവാങ്മൂലത്തിൽ വിഷയം എങ്ങനെ പരിഹരിക്കുമെന്ന നിർദേശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് വർഷം സാവകാശം അനുവദിക്കാനാവില്ല. നിലവിൽ 1000 പേർക്ക് ആനുകൂല്യങ്ങൾ നൽകാനുണ്ട്. രണ്ട് വർഷമാകുമ്പോൾ ഇത് 2000 ആകും. ശമ്പളം പോലും കൃത്യമായി നൽകുന്നില്ല. 35 കോടി രൂപയാണ് ബാങ്ക് വായ്പക്ക് പലിശയായി മാത്രം അടക്കുന്നത്. വിഷയത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണ്. അടച്ചുപൂട്ടാൻ പറയാൻ എളുപ്പമാണ്. ഭാവി ജീവിതത്തിന് വേണ്ടിയാണ് പെൻഷൻ ആനുകൂല്യങ്ങളാവശ്യപ്പെടുന്നത്. 3100 കോടിയുടെ വലിയ ബാധ്യതയുമായി മുന്നോട്ട് പോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തുടർന്നാണ് കോടതി ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. ഇതിൽ നിലപാടറിയിക്കാൻ കെ.എസ്.ആർ.ടി.സി സമയം തേടിയതിനെ തുടർന്ന് ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.